ഹൃദയാഘാതത്തിൽ നിന്ന് ഉടമയെ രക്ഷിച്ച് പൂച്ച
ലണ്ടൻ: വളർത്തുമൃഗങ്ങൾ നമുക്ക് വളരെ പ്രിയപ്പെട്ടവരാണ്. വളരെ കരുതലോടും സ്നേഹത്തോടും കൂടിയാണ് നാം അവരെ പരിപാലിക്കുന്നത്. അവരോടൊപ്പം സമയം ചെലവഴിക്കുന്നതും അവരോടൊപ്പം കളിക്കുന്നതും എല്ലാം നാം ഏറെ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. ഹൃദയാഘാതത്തിൽ നിന്ന് തന്റെ ഉടമയെ രക്ഷിച്ച പൂച്ച ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. പൂച്ച ഉറക്കത്തിൽ നിന്ന് ഉണർത്തിയില്ലായിരുന്നെങ്കിൽ താൻ മരിക്കുമായിരുന്നുവെന്നാണ് പൂച്ചയുടെ ഉടമസ്ഥയായ സാം ഫെൽസ്റ്റഡിൻ പറയുന്നത്.
ലണ്ടനിലാണ് സംഭവം നടന്നത്. നോട്ടിംഗ്ഹാംഷെയറിലെ സ്റ്റാപ്പിൾഫോർഡിലാണ് ഇവർ താമസിക്കുന്നത്. സാം ഫെൽസ്റ്റഡിൻ ഒരു മെഡിക്കൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ്. ബില്ലി എന്ന തന്റെ ഏഴു വയസുള്ള പൂച്ച തന്നെ തക്ക സമയത്ത് ഉണർത്തിയില്ലായിരുന്നുവെങ്കിൽ ഉറക്കത്തിൽ ഹൃദയാഘാതം വന്നു മരണപെട്ടുപോയിരുന്നേനെ എന്നാണ് സാം ഫെൽസ്റ്റഡിൻ പറയുന്നത്. അത്ഭുതകരമായി രക്ഷപ്പെട്ട ഞെട്ടലിലാണ് ഈ നാൽപ്പത്തിരണ്ടുകാരി.
സാം ഫെൽസ്റ്റെഡിൻ എല്ലായ്പ്പോഴും തന്റെ വളർത്തു പൂച്ചയോടൊപ്പമാണ് ഉറങ്ങുന്നത്. ഹൃദയാഘാതമുണ്ടായ രാത്രിയിൽ പതിവില്ലാതെ പൂച്ച കാലുകൾ ഉപയോഗിച്ച് നെഞ്ചിൽ ശക്തമായി തട്ടിയുണർത്താൻ ശ്രമിക്കുകയും ചെവിക്കരികിൽ നിന്ന് കരയാനും തുടങ്ങി. ശബ്ദം കേട്ട് പെട്ടെന്ന് ഞെട്ടി ഉണരുകയായിരുന്നു.
കണ്ണുതുറന്നപ്പോൾ ആകെ വിയർത്ത് കുളിച്ച് ശരീരം ആകെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നെഞ്ചിന്റെ വലതുഭാഗത്ത് കടുത്ത വേദനയും അനുഭവപ്പെട്ടു. ഉടനെ സഹായത്തിനായി അമ്മ കാരെൻ ഫെൽസ്റ്റഡിനെ വിളിച്ചു. അമ്മ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. ഫെൽസ്റ്റഡിന് ഹൃദയാഘാതമുണ്ടായതാണ് എന്നും ആ സമയം ഉറക്കത്തിൽ നിന്ന് എണീക്കുവാൻ സാധിച്ചില്ലായിരുന്നെങ്കിൽ മരണം സംഭവിച്ചേനെ എന്നും ഡോക്ടർമാർ വിലയിരുത്തി. ഫെൽസ്റ്റെഡിന്റെ ശരീരത്തിലുള്ള മാറ്റങ്ങളോട് ബില്ലി പെട്ടെന്ന് പ്രതികരിച്ചതുകൊണ്ടാണ് അസാധാരണമായി പെരുമാറിയതെന്നും വിദഗ്ധർ പറഞ്ഞു.