ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ; 24-ാം വയസിൽ കളിക്കളം വിട്ട് എനോക് എംവേപ്പു
സാംബിയൻ ദേശീയ ടീം കളിക്കാരനും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രൈട്ടന്റെ മിഡ്ഫീൽഡറുമായ എനോക് എംവേപ്പു പ്രൊഫഷണൽ ഫുട്ബോളിനോട് വിട പറഞ്ഞു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് 24കാരനായ എനോക് കളിക്കളം വിടുന്നത്. ഇക്കാര്യം ബ്രൈട്ടൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഓസ്ട്രിയൻ ക്ലബ് റെഡ് ബുൾ സാൽസ്ബർഗിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന എനോക് കഴിഞ്ഞ സീസണിൽ ബ്രൈട്ടണിൽ എത്തിയിരുന്നു. ഈ വർഷം പ്രീമിയർ ലീഗിൽ ബ്രൈട്ടണു വേണ്ടി ആറ് മത്സരങ്ങളും എനോക് കളിച്ചിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ, ദേശീയ ടീമിൽ ചേരാനുള്ള യാത്രാമധ്യേ എനോക് രോഗബാധിതനായി. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയത്.
പാരമ്പര്യമായി ഉണ്ടാകുന്ന പ്രശ്നമാണിതെന്നാണ് ക്ലബ് അറിയിച്ചത്. തുടർന്നും കളിച്ചാൽ താരത്തിന്റെ ജീവൻ അപകടത്തിലാകുന്ന അവസ്ഥയുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ അറിയിച്ചത്. ഇതോടെയാണ് കളിക്കളത്തോട് വിടപറയാനുള്ള എനോക്കിന്റെ തീരുമാനം.