ബൈജൂസ് 86.21 കോടി കുടിശികയാക്കിയതായി ബിസിസിഐ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോൺസറായ ബൈജൂസ് 86.21 കോടി രൂപ കുടിശികയാക്കിയെന്ന് ബിസിസിഐ. 2023 ലോകകപ്പ് വരെ സ്പോണ്സർഷിപ്പ് തുടരുന്നതിനായി കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബിസിസിഐ എഡ്യൂക്കേഷൻ ടെക് സ്റ്റാർട്ടപ്പായ ബൈജൂസുമായുള്ള കരാർ പുതുക്കിയത്. 2019 ൽ ചൈനീസ് മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഓപ്പോയ്ക്ക് പകരം ബൈജൂസ് ഇന്ത്യൻ ടീമിന്‍റെ ജേഴ്സി സ്പോൺസറായി.
ബിസിസിഐയുമായുള്ള കരാർ പുതുക്കിയെങ്കിലും ഒപ്പിട്ടിട്ടില്ലെന്ന് ബൈജൂസിന്‍റെ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കരാർ ഒപ്പിട്ട ശേഷം പണമിടപാട് നടക്കുമെന്നും നിലവിൽ കുടിശ്ശിക അടയ്ക്കാനില്ലെന്നും വക്താവ് പറഞ്ഞു. അതേസമയം, ടൈറ്റിൽ സ്പോണ്സർഷിപ്പ് ഒഴിയണമെന്ന് പേടിഎം ബിസിസിഐയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.