കെട്ടിട നികുതി ഇളവ് വേണം; സാബു എം ജേക്കബിന്റെ ആവശ്യം സർക്കാർ തള്ളി
കിഴക്കമ്പലം: ഒറ്റത്തവണ കെട്ടിട നികുതി ഇളവ് വേണമെന്ന ട്വന്‍റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബിന്റെ ആവശ്യം റവന്യൂ വകുപ്പ് തള്ളി. കിഴക്കമ്പലത്തെ കെട്ടിടത്തിന് നികുതിയിളവ് വേണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്ന ഗോഡൗണാണ് കെട്ടിടമെന്നും ജനങ്ങളിൽ നിന്ന് പണം ഈടാക്കി ഭക്ഷ്യവസ്തുക്കൾ നൽകുന്നുണ്ടെന്നും അതിനാൽ നികുതി ഇളവ് നൽകാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി.
കുന്നത്തുനാട് താലൂക്കിലെ കിഴക്കമ്പലം വില്ലേജിലെ ബ്ലോക്ക് 25ലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സാബു സർക്കാരിനെ സമീപിച്ചതിനെ തുടർന്ന് കുന്നത്തുനാട് തഹസിൽദാർ സ്ഥലം സന്ദർശിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അരി, പഞ്ചസാര, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണാണ് കെട്ടിടം. പ്രദേശവാസികളിൽ നിന്ന് ഒരു നിശ്ചിത തുക ഈടാക്കിയാണ് വിൽപ്പന നടത്തുന്നതെന്നും അതിനാൽ കെട്ടിടനികുതി ഇളവ് നൽകേണ്ട ആവശ്യമില്ലെന്നും കാണിച്ച് തഹസിൽദാർ റിപ്പോർട്ട് സമർപ്പിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലയുടെ 50 ശതമാനം ഈടാക്കുന്നുണ്ട്. അതിനാൽ സൗജന്യമായി നൽകുന്നതായി കണക്കാക്കാനാവില്ലെന്നാണ് സർക്കാർ വിശദീകരണം. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സാബു എം ജേക്കബിന്റെ ആവശ്യം റവന്യൂ വകുപ്പ് തള്ളിയത്.