Sunday, December 22, 2024
LATEST NEWSSPORTS

പാകിസ്താനെതിരെ മിന്നും പ്രകടനം; റാങ്കിങ്ങില്‍ കുതിച്ച് ഹാർദിക് പാണ്ഡ്യ

ദുബായ്: ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഐസിസിയുടെ ടി20 റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തെത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയത്. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയതോടെയാണ് ഹാർദിക് റാങ്കിങ്ങിൽ കുതിച്ചത്.

പാക്കിസ്ഥാനെതിരെ നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാർദിക്, പുറത്താകാതെ 33 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍റെ മുഹമ്മദ് നബിയാണ് പട്ടികയിൽ ഒന്നാമത്. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അൽ ഹസൻ രണ്ടാമതും ഇംഗ്ലണ്ടിന്‍റെ മോയിൻ അലി മൂന്നാമതുമാണ്. ഹാർദിക്കിനെ കൂടാതെ മറ്റ് ഇന്ത്യൻ താരങ്ങൾ ആദ്യ പത്തിൽ ഇല്ല.

ഏഷ്യാ കപ്പിലെ തകർപ്പൻ പ്രകടനത്തിന്‍റെ പിൻബലത്തിൽ അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാൻ ബൗളർമാരുടെ പട്ടികയിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡാണ് പട്ടികയിൽ ഒന്നാമത്. ഇന്ത്യയുടെ ഭുവനേശ്വർ കുമാറാണ് എട്ടാം സ്ഥാനത്ത്.