ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യൽ; ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്
ബംഗളൂരു: ഉള്ളടക്കം പിൻവലിക്കാത്ത അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിന്‍റെ നിയമസാധുത ചോദ്യം ചെയ്ത് ട്വിറ്റർ സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചു. ആക്ഷേപകരമായ പരാമർശങ്ങൾ അടങ്ങിയ ഉള്ളടക്കം പിൻവലിക്കാത്ത 1474 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും 175 ട്വീറ്റുകൾ നീക്കം ചെയ്യുകയും വേണമെന്നാണ് ഐടി മന്ത്രാലയം ട്വിറ്ററിനോട് ഉത്തരവിട്ടിരുന്നത്. ഐടി ചട്ടപ്രകാരം കഴിഞ്ഞ ജൂൺ നാലിനകം ഇത് പൂർത്തിയാക്കണം. ഇതിനെതിരെ ജൂലൈ 5 ന് ട്വിറ്റർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മുതിർന്ന അഭിഭാഷകൻ മുകുൾ രോഹതഗിയാണ് ട്വിറ്ററിന് വേണ്ടി ഹാജരാകുന്നത്.
മുദ്രവച്ച കവറിൽ കേന്ദ്ര ഉത്തരവ് കോടതിയിൽ സമർപ്പിക്കാൻ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഈ രേഖകൾ കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. ഐടി മന്ത്രാലയത്തിന്‍റെ ഉത്തരവിലെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഒരു കാരണവുമില്ലെന്ന് ട്വിറ്റർ അറിയിച്ചു. ആക്ഷേപകരമായ കാര്യങ്ങൾ ഉണ്ടെന്ന് അക്കൗണ്ട് ഉടമകളെയും അറിയിച്ചില്ല.
ബ്ലോക്ക് ചെയ്താൽ , അതിന്‍റെ കാരണം ഉടമകളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നത് തുടരുകയാണെങ്കിൽ ബിസിനസ്സ് അടച്ചുപൂട്ടേണ്ടി വരുമെന്നും ട്വിറ്റർ ചൂണ്ടിക്കാട്ടി. കേസ് ഓഗസ്റ്റ് 25ന് വീണ്ടും പരിഗണിക്കും.