ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ സ്റ്റീഫൻ വാൻ ഡെർ ഹെയ്ഡൻ ക്ലബ് വിട്ടു
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഒൻപതാം സീസണിലേക്ക് തയ്യാറെടുക്കുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് സ്റ്റീഫൻ വാൻ ഡെർ ഹെയ്ഡൻ ക്ലബ് വിട്ടു. താൻ ക്ലബ് വിടുന്നതായി അദ്ദേഹം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.
53 കാരനായ ഹെയ്ഡൻ ബെൽജിയത്തിൽ നിന്നുള്ള പരിശീലകനാണ്. കഴിഞ്ഞ ഐഎസ്എൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഹെയ്ഡൻ ബ്ലാസ്റ്റേഴ്സ് കോച്ചിംഗ് ടീമിൽ ചേർന്നു. പാട്രിക് വാൻ കെറ്റ്സാണ് ബ്ലാസ്റ്റേഴ്സിന്‍റെ അസിസ്റ്റന്‍റ് കോച്ചായി ആദ്യം നിയമിതനായത്. എന്നിരുന്നാലും, വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം ക്ലബ് വിടുകയും പകരം ഹെയ്ഡനെ നിയമിക്കുകയും ചെയ്തു. ഐഎസ്എൽ ഫൈനലിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്‍റെ മാർച്ചിൽ ഇവാൻ വുക്കോമനോവിച്ചിന്‍റെ വലംകൈയായി ഹെയ്ഡൻ സേവനമനുഷ്ഠിച്ചു.
കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുമ്പ് ജോർദാൻ ദേശീയ ടീമിന്‍റെ സഹ പരിശീലകനായിരുന്നു ഹെയ്ഡൻ. മൂന്നു വർഷത്തോളം അദ്ദേഹം ആ ദൗത്യം നിർവഹിച്ചു. ഹെയ്ഡൻ തന്‍റെ ജൻമനാടായ ബെൽജിയം, മാസിഡോണിയ എന്നിവിടങ്ങളിലെ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.