Thursday, November 21, 2024
HEALTHLATEST NEWS

രാജ്യത്ത് ജനനനിരക്കും പ്രത്യുത്പാദന നിരക്കും കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് സാംപിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് (എസ്ആർഎസ്-2020) വെളിപ്പെടുത്തി. രജിസ്ട്രാർ ജനറൽ, സെൻസസ് കമ്മീഷണർ, ആഭ്യന്തര മന്ത്രാലയം എന്നിവർ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2019 നെ അപേക്ഷിച്ച് ദേശീയ തലത്തിൽ 0.2 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

പെൺകുട്ടികളുടെ ജനന നിരക്കിന്‍റെ കാര്യത്തിൽ കേരളം ഒന്നാമതാണ്. സ്ത്രീ പുരുഷ അനുപാതം 974:1000 ആണ്. ഏറ്റവും കുറവ് ഉത്തരാഖണ്ഡിലാണ് (844:1000).

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്. 2019-ല്‍ 2.1 ആയിരുന്നത് 2020-ല്‍ 2.0 ആയി കുറഞ്ഞു. പ്രത്യുത്പാദന നിരക്കില്‍ ബിഹാറാണ് (3.0) മുന്നില്‍. ഡല്‍ഹി, തമിഴ്നാട്, പശ്ചിമബംഗാള്‍ (1.4) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍. കേരളത്തില്‍ 1.5 ആണ് പ്രത്യുത്പാദന നിരക്ക്. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യാ സര്‍വേയാണ് എസ്.ആര്‍.എസ്.