ആശുപത്രിമുറിയില്‍ ബാസ്കറ്റ് ബോള്‍ പരിശീലനം;എന്‍ബിഎ എന്ന ലക്ഷ്യവുമായി തേജസ്
മല്ലപ്പള്ളി (പത്തനംതിട്ട): വളയത്തിൽ വലയുള്ള ഒരു ബാസ്കറ്റ് ആശുപത്രി മുറിയുടെ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്നു. ഒരു ചുവന്ന പന്ത് എടുത്തു ഉന്നം വച്ച് പന്ത് അതിൽ എത്തിക്കാനുള്ള പരിശീലനത്തിലാണ് തേജസ്.അവൻ വീൽ ചെയറിൽ ഇരുന്നു ലക്ഷ്യം കൈവരിക്കുമ്പോൾ കൈയടിക്കാനും പന്ത് എടുക്കാനും അച്ഛൻ ഷിബു കൂടെയുണ്ട്. സംസ്ഥാന സബ്ജൂനിയർ ബാസ്കറ്റ്ബോൾ താരം തേജസ് ഷിബു കുരിശിങ്കൽ ആണ് രോഗത്തെ അതിജീവിച്ച് തിരിച്ചുവരവിനു ശ്രമിക്കുന്നത്. തേവര എസ്.എച്ച്.സി.എം.ഐ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ആശുപത്രി വീടും സ്കൂളും കളിസ്ഥലവുമായി മാറിയിട്ട് ഒരു വർഷമായി.
2021 ഏപ്രിൽ 19 തേജസിന്റെ ജീവിതം കീഴ്മേൽ മറിച്ച ദിവസമായിരുന്നു. വയറുവേദനയെ തുടർന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയത്. വൈകുന്നേരത്തോടെ ഛർദ്ദിക്കാൻ തുടങ്ങുകയും പിന്നീട് നില വഷളാവുകയും ചെയ്തു. ഞരമ്പുകളിലേക്ക് ട്യൂബുകളിലൂടെ മരുന്നുകൾ, മൂക്കിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണം. ഒന്നര മാസം ഇങ്ങനെ കടന്നുപോയി. അതേസമയം, നടത്തിയ പരിശോധനയിൽ കൊവിഡ് വന്നതും പോയതും കണ്ടെത്തിയിരുന്നു.
ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അസഹനീയമായ ശരീരവേദന അനുഭവപ്പെട്ടു. എഴുന്നേറ്റാൽ കുഴഞ്ഞു വീഴും. കഴിഞ്ഞ ആറ് മാസത്തിനിടെ അഞ്ച് ആശുപത്രികൾ മാറി. 2021 ഒക്ടോബറിലാണ് ആലുവ ആയുർവേദ ആശുപത്രിയിലേക്ക് ചികിത്സ മാറ്റിയത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ, സ്വയം കഴുത്ത് നേരെയാക്കാൻ കഴിഞ്ഞു. ദൃഷ്ടി നേരെ വന്നു. എടുത്ത് ഇരുത്തിയാൽ വീൽചെയറിൽ ഇരിക്കാം.