Friday, January 17, 2025
LATEST NEWSSPORTS

അമേരിക്കൻ പര്യടനത്തിന് ബാഴ്‌സ തിരിച്ചു

അമേരിക്ക : പ്രീ സീസൺ മത്സരങ്ങൾക്കായി എഫ്സി ബാഴ്സലോണ അമേരിക്കയിലേക്ക് തിരിച്ചു. പുതിയതായി എത്തിയ റാഫിഞ്ഞയും ടീമിനൊപ്പമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ട്രാൻസ്ഫർ അനിശ്ചിതത്വത്തിലായ ഫ്രാങ്കി ഡിയോങ്ങും ടീമിനൊപ്പം തിരിച്ചെത്തിയിട്ടുണ്ട്. ഒരു പുതിയ അടിത്തറ തേടുന്ന യുഎസ് ടൂറിൽ നിന്ന് ഒരുപിടി കളിക്കാരെ സാവി ഒഴിവാക്കി. മാർട്ടിൻ ബ്രാത്വൈറ്റ്, ഉംറ്റിട്ടി, റിക്കി പൂജ്, ഓസ്കാർ മിൻഹ്വെസ, നെറ്റോ എന്നിവർ ടീമിനോടൊപ്പം ഇല്ല. യുണൈറ്റഡുമായി ട്രാൻസ്ഫർ ചെയ്യാൻ സമ്മതിക്കാത്ത ഡി യോങ്ങിനെ ബാഴ്സലോണയുടെ പ്രീ സീസൺ മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പരിശീലകൻ സാവിയുടെ തീരുമാനം അന്തിമമാണെന്ന് ടീം പ്രസിഡന്‍റ് ലപോർട്ട അറിയിച്ചു.

അതേസമയം, സാവിക്ക് ടീമിനൊപ്പം യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ല. പാസ്പോർട്ടുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളാണ് സാവിയെ ബാധിച്ചത്. വരും ദിവസങ്ങളിൽ പരിശീലകന് ടീമിനൊപ്പം ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷ. ലപോർട്ടയും ടീമിനൊപ്പം യാത്ര ചെയ്യുന്നുണ്ട്. ബയേണിൽ നിന്നുള്ള ട്രാൻസ്ഫർ പൂർത്തിയാക്കാൻ ബാഴ്സലോണയിലെത്തിയ ലെവെനോവ്സ്കിയും ഉടൻ ടീമിനൊപ്പം ചേരും. ടീമിലെ പുതുമുഖങ്ങളായ ഫ്രാങ്ക് കേസിയും ക്രിസ്റ്റൻസൺ ആയിരിക്കും മറ്റ് പ്രധാന ആകർഷണങ്ങൾ.

15 ദിവസത്തെ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ബാഴ്സലോണ ഇന്‍റർ മിയാമിയെ നേരിടും. ജൂലൈ 19ന് മിയാമിയിൽ വെച്ചാണ് മത്സരം. തുടർന്ന് വിവിധ നഗരങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ യുവന്‍റസ്, റയൽ മാഡ്രിഡ്, ന്യൂയോർക്ക് റെഡ് ബുൾസ് എന്നിവരെ നേരിടും.