Friday, January 17, 2025
LATEST NEWS

5 വർഷത്തിനിടെ ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത് 10 ലക്ഷം കോടി

ന്യൂ ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 ലക്ഷത്തോളം കോടി രൂപയാണ് ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത്. ധനമന്ത്രാലയമാണ് കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ കണക്കുകള്‍ അറിയിച്ചത്. നടപ്പ് സാമ്പത്തിക വർഷം മാത്രം 1,57,096 കോടി രൂപ എഴുതിത്തള്ളിയതായും മന്ത്രാലയം അറിയിച്ചു. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

10 ലക്ഷം കോടി രൂപയുടെ കടങ്ങൾ എഴുതിത്തള്ളിയ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. 2017-18 മുതൽ ഈ സ്യൂട്ട് ബൂട്ട് സർക്കാർ 10 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയെന്നും ഇത് പൊതുമേഖലാ ബാങ്കുകൾക്ക് ഏഴ് ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

മോദിജിയുടെ റിവേഴ്സ് റോബിൻഹുഡ് സർക്കാർ നയം കനത്ത നികുതി ഈടാക്കി മധ്യവര്‍ഗത്തെ കൊള്ളയടിക്കുകയും മറ്റൊരു താലത്തില്‍ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി വായ്പ എഴുതിത്തള്ളുകയാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്ര ബാങ്ക് വായ്പകൾ എഴുതിത്തള്ളിയെന്നതിനെക്കുറിച്ച് സഭയില്‍ ചോദിച്ച ചോദ്യത്തിന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് രേഖാമൂലമുള്ള മറുപടിയും പങ്കിട്ടു.