ഒരു ലീറ്റർ ടർബോ എൻജിനുമായി ബലേനോ ക്രോസ്
മാരുതി സുസുക്കി എസ്യുവി ശ്രേണിയിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി ബലേനോ ക്രോസ് എന്ന പുതിയ വാഹനവുമായി വരുന്നു. ഒരു ലിറ്റർ ടർബോ ചാർജിഡ് പെട്രോൾ എഞ്ചിനാണ് പുതിയ വാഹനത്തിന് കരുത്തേകുന്നത്. വൈടിബി എന്ന കോഡ് നാമത്തിൽ വികസിപ്പിച്ചെടുത്ത എസ്യുവി അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും. ഫെബ്രുവരി ആദ്യം വാഹനം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാരുതി ബലേനോ ആർഎസിലൂടെ അരങ്ങേറ്റം കുറിച്ച ഒരു ലിറ്റർ ബൂറ്റർജെറ്റ് എഞ്ചിന്‍റെ പരിഷ്കരിച്ച പതിപ്പായിരിക്കും ക്രോസ്. അഞ്ച് സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഗിയർബോക്സ് എന്നിവയും വാഹനത്തിലുണ്ടാകും. ഒരു ലിറ്റർ എഞ്ചിന് പുറമെ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് എഞ്ചിൻ അല്ലെങ്കിൽ 1.5 ലിറ്റർ മിഡ് ഹൈബ്രിഡ് എൻജിനും പുതിയ വാഹനത്തിലുണ്ടാകും.
മാരുതിയുടെ ആദ്യ ക്രോസ് ഹാച്ചായിരിക്കും ബലേനോ ക്രോസ്. കുപ്പേയുടേയും എസ്യുവിയുടെയും രൂപമുള്ള കാർ യുവാക്കളെ ആകർഷിക്കാൻ പര്യാപ്തമാകുമെന്ന പ്രതീക്ഷയിലാണ് മാരുതി. മാരുതിയുടെ പുതുതലമുറ വാഹനങ്ങൾ വിൽക്കുന്ന ഹാർടെക് പ്ലാറ്റ്‌ഫോമിലാണ് പുതിയ വാഹനം നിർമ്മിക്കുന്നത്. നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ തുടങ്ങിയ വാഹനങ്ങളോടായിരിക്കും ബലേനോ ക്രോസ് മത്സരിക്കുക.