Tuesday, December 3, 2024
GULFLATEST NEWS

ബഹ്‌റൈൻ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 12ന് നടക്കും

മനാമ: ബഹ്റൈനിൽ പാർലമെന്റ് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്. ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രി നവാഫ് അല്‍ മാവ്ദ, ഇലക്ഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ നവാഫ് ഹംസ എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 12നാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഒക്ടോബർ 5 മുതൽ 9 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നവംബർ 12ന് രാവിലെ 8 മുതൽ രാത്രി 8 വരെയാണ് തിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നവംബർ 19ന് നടക്കും. സ്ഥാനാർത്ഥിക്ക് കുറഞ്ഞത് 50 ശതമാനം വോട്ടെങ്കിലും ലഭിച്ചില്ലെങ്കിലാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുക. തിരഞ്ഞെടുപ്പ് ദിവസം 20 വയസ് പൂർത്തിയായവർക്ക് വോട്ടവകാശം വിനിയോഗിക്കാൻ അനുവാദമുണ്ട്. രാജ്യത്തിന് പുറത്തുള്ളവർ അതത് രാജ്യങ്ങളിലെ ബഹ്റൈൻ എംബസികളിലോ കോൺസുലേറ്റുകളിലോ സമ്മതിദാനാവകാശം വിനിയോഗിക്കണം. ബഹ്റൈൻ പാർലമെന്‍റിൽ നാല് വർഷത്തെ കാലാവധിയുള്ള 40 അംഗങ്ങളുണ്ട്.

വോട്ടർ മാരുടെ കരട് പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ബഹ്റൈനിലെ ആദ്യത്തെ പാർലമെന്‍റ് തിരഞ്ഞെടുപ്പ് നടന്നത് 2002 ലാണ്. 2006, 2010, 2014, 2018 വർഷങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മുനിസിപ്പൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പും നവംബർ 12 ന് നടക്കും. രാജ്യത്ത് സ്വന്തമായി ഭൂമി വാങ്ങിയ വിദേശികൾക്ക് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം. എന്നിരുന്നാലും, പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ അവർക്ക് വോട്ടവകാശമില്ല. 2006-ലെ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ലത്തീഫ അൽ ഗൗദ് എന്ന വനിത എതിരില്ലാതെ പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ആദ്യ വനിതാ പാർലമെന്‍റേറിയൻ എന്ന നിലയിൽ ജി.സി.സിയെ അക്കാലത്ത് വിദേശ മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു.

നവംബർ 12 ന് നടക്കുന്ന പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ രാജ്യത്തെ എല്ലാ പൗരൻമാരോടും പങ്കെടുക്കാൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. അവർ ജനാധിപത്യത്തെ പിന്തുണയ്ക്കുകയും സ്ഥാനാർത്ഥികളായും വോട്ടർമാരായും തിരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും വേണം. രാജ്യത്തിന്‍റെ സുസ്ഥിര ഭാവിക്ക് കഴിവുള്ളതും രാജ്യത്തിന്‍റെ വളർച്ചയ്ക്ക് സഹായകരവുമായ സ്ഥാനാർത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.