Thursday, November 14, 2024
GULFLATEST NEWS

മങ്കിപോക്സ് വാക്സീൻ റജിസ്ട്രേഷൻ ബഹ്റൈൻ ആരംഭിച്ചു

മനാമ: ബഹ്റൈനിൽ മങ്കിപോക്സിനെതിരായ വാക്സിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രാജ്യത്ത് വാക്സീൻ പരിമിതമായ സ്റ്റോക്ക് മാത്രമാണുള്ളത് എന്നതിനാൽ മുൻ‌ഗണനാ ക്രമത്തിലാണ് വിതരണം ചെയ്യുക. മുൻ‌നിര ആരോഗ്യ പ്രവർത്തകർക്കും ഉയർന്ന വ്യാപന സാധ്യതയുള്ളവർക്കും ഇത് വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്ന പൗരൻമാർക്കും താമസക്കാർക്കും അടുത്ത ഘട്ടത്തിൽ സൗജന്യമായി നൽകും. എല്ലാ ഗൾഫ് രാജ്യങ്ങൾക്കും മങ്കിപോക്സ് പരിശോധന നടത്താനുള്ള സാങ്കേതിക ശേഷിയുണ്ടെന്നും രോഗത്തെക്കുറിച്ച് അറിഞ്ഞ ആദ്യ ദിവസം മുതൽ ജിസിസി ആരോഗ്യ സംവിധാനങ്ങൾ സജ്ജമായതിൽ സന്തോഷമുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജിയണൽ ഓഫീസ് മേധാവി ഡോ. അഹ്മദ് അൽ മന്ധാരി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ ശുപാർശകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധന, ഐസൊലേഷൻ, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചതായി ബഹ്റൈൻ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരോ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരോ 21 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി ഡോ.ജലീല ബിൻത് സയ്യിദ് ജവാദ് പറഞ്ഞു.