ധോണിയെ പിന്നിലാക്കി അക്സർ; 17 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർത്തു
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ രണ്ട് പന്ത് ബാക്കി നിൽക്കെ രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. അക്സർ പട്ടേലാണ് കളിയിലെ കേമൻ .
ഇന്ത്യൻ നിരയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത അക്സർ മികച്ച അർധസെഞ്ചുറി നേടി. 35 പന്തിൽ മൂന്നു ബൗണ്ടറികളുടെയും അഞ്ചു സിക്സറുകളുടെയും അകമ്പടിയോടെ 64 റൺസെടുത്ത അക്സർ പുറത്താകാതെ നിന്നു. ഒരു സിക്സറടിച്ചാണ് അക്സർ ഇന്ത്യക്കായി വിജയഗോൾ നേടിയത്. ഈ സിക്സറിലൂടെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡാണ് അക്സർ തകർത്തത്.
വിജയകരമായ റൺ ചേസിൽ, ഏഴാം നമ്പറിലോ അതിനുശേഷമോ ബാറ്റ് ചെയ്യുന്ന ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമായി അക്സർ മാറി. 2005ൽ സിംബാവെയ്ക്കെതിരെ മൂന്ന് സിക്സറുകൾ പറത്തിയ ധോണിയുടെ റെക്കോർഡാണ് അക്സർ മറികടന്നത്. 2011ൽ യൂസഫ് പത്താനും ധോണിയുടെ റെക്കോർഡ് തിരുത്തിയിരുന്നു.