90-ാം വയസ്സിലും 19-ന്റെ ചുറുചുറുക്കിൽ മധുരാമ്മ
ആലപ്പുഴ: തൊണ്ണൂറ്റിയൊന്നാം വയസ്സിന്റെ അവശതകൾക്കിടയിലും 19 കാരിയുടെ ചുറുചുറുക്കോടെ തങ്കമ്മ ചായ അടിക്കും,കൊതിയൂറും മധുരപലഹാരങ്ങളും ഉണ്ടാക്കും. തങ്കമ്മ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട മധുരാമ്മയെ പരിചയപ്പെടാം.
കൊല്ലം പത്തനാപുരം സ്വദേശിനിയായ തങ്കമ്മയ്ക്ക് പഴയകാല തമിഴ് നടി ടി.എ. മധുരത്തിന്‍റെ ഛായയുണ്ടെന്ന് പറഞ്ഞ് നാട്ടുകാർ നൽകിയ പേരാണ് ‘മധുരാമ്മ’. സ്വന്തമായി ഒരു വീടോ സ്ഥലമോ ഇല്ല. 68 കാരിയായ മകൾ വസന്തകുമാരിയോടൊപ്പം കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിന് സമീപം ഗോവിന്ദമുട്ടം വടക്കു കൊച്ചുമുറിയിൽ വാടകവീട്ടിലാണ് തങ്കമ്മയുടെ താമസം. കഴിഞ്ഞ 17 വർഷമായി തോപ്പിൽ സ്കൂളിന് സമീപം നടത്തുന്ന ചായക്കടയാണ് ഉപജീവനമാർഗം. ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മറച്ച ഒരു ചെറിയ കൂരയാണ് കട.
വസന്തകുമാരി അതിരാവിലെ കടയിൽ എത്തും. പിന്നാലെ തങ്കമ്മയും. രാവിലെ ചായ മാത്രമേ ഉള്ളൂ. രണ്ട് മണി മുതൽ പലഹാരങ്ങൾ ഉണ്ടാകും. രാത്രി 8 മണി വരെയാണ് പ്രവർത്തനം. ദൂരെ നിന്ന് പോലും ചൂടുള്ള പരിപ്പ് വട, ഉഴുന്ന് പരിപ്പ്, പഴംപൊരി എന്നിവ വാങ്ങാൻ ആളുകൾ എത്തും. 5 രൂപയാണ് പരിപ്പു വടയുടെ വില. ഉഴുന്നു വടയ്ക്ക് ആറു രൂപയും പഴംപൊരിക്ക് 10 രൂപയും. പ്രായത്തിന്റേതായ എല്ലാ രോഗങ്ങളും തങ്കമ്മയ്ക്കുണ്ട്. മുൻപ് ഹൃദയാഘാതവും ഉണ്ടായിട്ടുണ്ട്. വസന്തകുമാരിയുടെ കാൽ തളർന്നു പോയതാണ്. നടക്കാൻ കഴിയുമെങ്കിലും, കഠിനമായ വേദന കാരണം തുടർച്ചയായി നിൽക്കാനോ നടക്കാനോ കഴിയില്ല.എന്നാൽ ഈ ബുദ്ധിമുട്ടുകൾക്കിടയിലും അധ്വാനിച്ച് അന്നം കണ്ടെത്താനുളള തിരക്കിലാണ് മധുരാമ്മയും മകളും.