Wednesday, January 22, 2025
LATEST NEWSPOSITIVE STORIES

67-ാം വയസ്സിൽ പ്ലസ്‌ വൺ തുല്യതാപഠനം ; ഒപ്പം കവിതാ സമാഹാരവും

നെയ്യാറ്റിൻകര: 67-ാം വയസ്സിൽ ചന്ദ്രമണി എന്ന വീട്ടമ്മ പ്ലസ് വൺ തുല്യതാ പഠനത്തിനിടെ രചിച്ചത് ലക്ഷണമൊത്ത കവിതാ സമാഹാരം.
സാക്ഷരതാ മിഷന്‍റെ പ്ലസ് വൺ പഠനകാലത്ത് എഴുതിയ കവിതാ സമാഹാരം നഗരസഭ പ്രസിദ്ധീകരിച്ചു. പെരുമ്പഴുതൂർ, മാമ്പഴക്കര, ഷൈൻ നിവാസിൽ സി ചന്ദ്രമണി പത്താം ക്ലാസ് തോറ്റതോടെയാണ് പഠനം ഉപേക്ഷിച്ചത്. പിന്നീട് കല്ല്യാണം കഴിഞ്ഞ് മൂന്ന് കുട്ടികളുടെ അമ്മയായി.

സാക്ഷരതാ പ്രേരകായ സലീലയാണ് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതാൻ ചന്ദ്രമണിയെ ക്ലാസിലേക്ക് കൊണ്ടുപോയത്. മക്കൾ വളർന്നു വലുതായിട്ടും പഠിക്കാൻ ചന്ദ്രമണി മടികാണിച്ചില്ല. കഴിഞ്ഞ വർഷം പത്താംക്ലാസ് പരീക്ഷ പാസായി. പ്ലസ് വൺ പഠനകാലത്താണ് കവിതയെഴുതാൻ തുടങ്ങിയത്. പഠിപ്പിക്കുന്ന അധ്യാപകർക്ക് താൻ എഴുതിയ കവിതകൾ കാണിച്ചുകൊടുത്തു. അവർ നൽകിയ പ്രോത്സാഹനം കൊണ്ടാണ് ‘എന്‍റെ സ്വർണ്ണ മന്ദാരപ്പൂവ്’ എന്ന പേരിൽ 15 കവിതകളുടെ സമാഹാരം പുറത്തിറക്കാൻ എനിക്ക് കഴിഞ്ഞത്, ചന്ദ്രമണി പറഞ്ഞു. ജീവിതാനുഭവങ്ങളാണ് കവിതയിലെ വിഷയങ്ങൾ. പ്ലസ് ടു ജയിക്കുകയാണ് ചന്ദ്രമണിയുടെ അടുത്ത ലക്ഷ്യം.