ഏഷ്യാ കപ്പ് ഉദ്ഘാടനം ലങ്കാദഹനത്തോടെ
ദുബായ്: ഏഷ്യാ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ തോൽപ്പിച്ചു. ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ എട്ട് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. സ്കോർ: ശ്രീലങ്ക 105/10, അഫ്ഗാനിസ്ഥാൻ 106/2
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. അഞ്ച് റൺസെടുക്കുന്നതിന് മുമ്പ് അവരുടെ മൂന്ന് വിക്കറ്റുകൾ വീണു. അഫ്ഗാൻ ബോളർമാർ ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറുകൾ പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 38 റൺസെടുത്ത ഭനുക രജപക്സെയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫസൽഹഖ് ഫാറൂഖിയാണ് ലങ്കയെ തകർത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 10.1 ഓവറിൽ ലക്ഷ്യം മറികടന്നു. ഓപ്പണർമാരായ റഹ്മാനുള്ള ഗുർബാസും ഹസ്രത്തുള്ള സസായിയും ചേർന്ന് ഒന്നാം വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്തു. ഗുർബാസ് 18 പന്തിൽ മൂന്നു ബൗണ്ടറികളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെ 40 റൺസെടുത്തു. സസായി 37 റൺസുമായി പുറത്താകാതെ നിന്നു.