ഏഷ്യ കപ്പ്; ഇന്ത്യയുടെ പരിശീലകനായി ദ്രാവിഡ് തന്നെ വന്നേക്കും
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി കോച്ച് രാഹുൽ ദ്രാവിഡ് ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്. കോവിഡ് രോഗമുക്തി നേടിയ ദ്രാവിഡ് ഇന്നലെ രാത്രി തന്നെ യുഎഇയിലെത്തി. പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരത്തിൽ തന്നെ മുഖ്യ പരിശീലകനായി ദ്രാവിഡ് എത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീം യുഎഇയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വിവിഎസ് ലക്ഷ്മണിനെ ഇടക്കാല പരിശീലകനായി നിയമിച്ചിരുന്നു. സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ പരിശീലിപ്പിച്ച ലക്ഷ്മൺ അവിടെ നിന്ന് യുഎഇയിലെത്തി ടീമിനൊപ്പം ചേർന്നു. എന്നാൽ ഇപ്പോൾ ദ്രാവിഡ് തിരിച്ചെത്തിയതോടെ ലക്ഷ്മൺ നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന.
ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് പാകിസ്ഥാനെതിരെയാണ്. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ വർഷം ഇരുവരും ഏറ്റുമുട്ടിയ ടി20 ലോകകപ്പ് മത്സരത്തിൽ വിജയം പാകിസ്താനൊപ്പമായിരുന്നു.