Saturday, November 23, 2024
LATEST NEWSSPORTS

ഏഷ്യാ കപ്പ്: ഫൈനലിലെത്താൻ ഇന്ത്യക്ക് വൻ ജയങ്ങൾ വേണം

സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് തോറ്റ ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് ഫൈനലിൽ എത്തുക എന്നത് വലിയ ദൗത്യമാകും. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ വലിയ മാർജിനിൽ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനലിലെത്താൻ കഴിയൂ. അതേസമയം, ശ്രീലങ്ക-പാക് മത്സരത്തിന്‍റെ ഫലവും ഇന്ത്യക്ക് നിർണായകമാകും.

ഇന്ത്യ ഇനി അഫ്ഗാനിസ്ഥാനെയും ശ്രീലങ്കയെയും നേരിടും. ഈ രണ്ട് മത്സരങ്ങളും ഉയർന്ന മാർജിനിൽ ഇന്ത്യ ജയിക്കേണ്ടതുണ്ട്. ഇതോടെ അഫ്ഗാനിസ്ഥാൻ ഇല്ലാതാകും. സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ശ്രീലങ്ക-പാക് മത്സരത്തിൽ ശ്രീലങ്ക ജയിച്ചാൽ ഇന്ത്യയുടെ നില പരുങ്ങലിലാകും. അങ്ങനെയെങ്കിൽ നെറ്റ് റൺ റേറ്റ് നിർണായകമാകും. എന്നാൽ പാകിസ്താൻ ശ്രീലങ്കയെ തോൽപ്പിച്ചാൽ ഇന്ത്യ ഫൈനൽ കളിക്കും.

സൂപ്പർ ഫോറിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ഒരു പന്ത് ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.