Sunday, December 22, 2024
LATEST NEWS

ഓണം അടുത്തതോടെ അരിവില ഉയർന്നു; കിലോയ്ക്ക് കൂടിയത് 8 രൂപ വരെ

തിരുവനന്തപുരം: ഓണം അടുത്തതോടെ സംസ്ഥാനത്ത് അരിയുടെ വില കുതിച്ചുയരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഓണക്കച്ചവടത്തിനായി അരി സംഭരിച്ചതും വില വർദ്ധനവിന് കാരണമായി കണക്കാക്കപ്പെടുന്നു. വെള്ള ജയ അരി, ജ്യോതി മട്ട എന്നിവയുടെ വില ശരാശരി എട്ട് രൂപയോളം വർദ്ധിച്ചതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഈ വിഭാഗത്തിൽപ്പെട്ട അരി കേരളത്തിലേക്ക് എത്തുന്നത്.

ആന്ധ്രാപ്രദേശിലെ കർഷകരിൽ നിന്ന് ന്യായ വിലയ്ക്ക് സർക്കാർ നെല്ല് സംഭരിക്കാൻ തുടങ്ങിയതാണ് വില വർദ്ധനവിന്‍റെ പ്രധാന കാരണം. കേരളത്തിന് അരി നൽകുന്ന സംസ്ഥാനങ്ങളിൽനിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വർദ്ധിച്ചതും വില വർദ്ധനവിന് കാരണമായി. ജി.എസ്.ടി നിരക്കുകളിലെ വർദ്ധനവും തിരിച്ചടിയായി. ഏപ്രിലിൽ കിലോയ്ക്ക് 32 രൂപയായിരുന്ന ജയ അരിയുടെ മൊത്തവില ഇപ്പോൾ ചില ജില്ലകളിൽ കിലോയ്ക്ക് 49 രൂപയാണ്. ജ്യോതി അരിയുടെ വില കിലോയ്ക്ക് 39 രൂപയിൽ നിന്ന് 49 രൂപയായി ഉയർന്നു. സുരേഖ അരിയുടെ വില 34 രൂപയിൽ നിന്ന് 44 രൂപയായി ഉയർന്നു.

എന്നാൽ സംസ്ഥാനത്ത് അരിയുടെ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതിനാൽ വില വർദ്ധനവിന് സാധ്യതയുണ്ട്. അരിയുടെ വരവ് കൂടുന്നതിനനുസരിച്ച് വില കുറയും. പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിൽ സിവിൽ സപ്ലൈസിൽ നിന്ന് അരി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.