വിക്കിപീഡിയയിൽ അർഷ്‌ദീപിനെ ‘ഖലിസ്ഥാനി’യാക്കി; വിശദീകരണം ചോദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്‌ദീപ് സിംഗിനെ ഖാലിസ്ഥാൻ വിഘടനവാദികളുമായി ബന്ധപ്പെടുത്തി വിക്കിപീഡിയയിൽ വിവരങ്ങൾ. വ്യാജ വിവരവുമായി ബന്ധപ്പെട്ട് വിക്കിപ്പീഡിയ എക്സിക്യൂട്ടീവുമാരോട് ഹാജരാകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇന്ത്യയിലെ വിക്കിപീഡിയ എക്സിക്യൂട്ടീവുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മന്ത്രാലയത്തിന്‍റെ ഉന്നതതല സംഘം വിക്കിപീഡിയ അധികൃതരോട് വിശദീകരണം തേടിയേക്കും. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകും.
ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആവേശകരമായ മത്സരത്തിൽ നിർണായക ക്യാച്ച് കൈവിട്ടതിന് പിന്നാലെ അർഷ്ദീപ് സിങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത ആക്രമണമാണ് ഉണ്ടായത്. അർഷ്ദീപ് സിങ്ങിന്‍റെ വിക്കിപീഡിയ പേജിൽ ഇന്ത്യ എന്നുണ്ടായിരുന്നത് ഖാലിസ്ഥാൻ എന്നാക്കി മാറ്റി. രജിസ്റ്റർ ചെയ്യാത്ത ഒരു ഉപയോക്തൃ ഐഡിയിൽ നിന്നാണ് ഈ എഡിറ്റിംഗ് നടത്തിയത്. 15 മിനിറ്റിന് ശേഷം വിക്കിപീഡിയ അധികൃതർ വ്യാജ വിവരങ്ങൾ നീക്കം ചെയ്ത് പഴയതാക്കി.