Friday, January 17, 2025
LATEST NEWSSPORTS

വിജയക്കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍ ; തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയം

ബേണ്‍മൗത്ത്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ വിജയക്കുതിപ്പ് തുടരുന്നു. അർട്ടേറ്റയും കൂട്ടരും തുടർച്ചയായ മൂന്നാം മത്സരവും ജയിച്ചു. ശനിയാഴ്ച നടന്ന മത്സരത്തില്‍ ബേണ്‍മൗത്തിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേസ് പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ ആഴ്സണൽ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി.

ബേൺമൗത്തിന്‍റെ ഹോം ഗ്രൗണ്ടിൽ ആഴ്സണൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. അഞ്ചാം മിനിറ്റിൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിലൂടെ ഗണ്ണേഴ്സ് ലീഡ് നേടി. മാർട്ടിനെല്ലിയുടെ ഷോട്ട് ബേൺമൗത്ത് ഗോൾകീപ്പർ വഴിതിരിച്ചു വിട്ടെങ്കിലും റീബൗണ്ട് വന്ന പന്ത് ഒഡെഗാർഡ് അനായാസം വലയിലാക്കി. 11-ാം മിനിറ്റിൽ ഒഡെഗാർഡ് വീണ്ടും ഗോൾ നേടി. ആദ്യപകുതിയിൽ ആഴ്സണൽ 2-0ന് മുന്നിലെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ആഴ്സണൽ മൂന്നാം ഗോളും നേടി. 54-ാം മിനിറ്റിൽ വില്യം സാലിബയാണ് ഗോൾ നേടിയത്. 72-ാം മിനിറ്റിൽ ജെസൂസ് ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗോൾ നിഷേധിച്ചു. 2004-05 സീസണിന് ശേഷം ഇതാദ്യമായാണ് ആഴ്സണൽ ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങൾ ജയിക്കുന്നത്.