കൊടും തണുപ്പിനെ അതിജീവിച്ച് ജലജീവികൾ: അന്റാർട്ടിക്കയിൽ നദി കണ്ടെത്തി ഗവേഷകർ
അന്‍റാർട്ടിക്കയിലെ ഏറ്റവും വലിയ ഐസ് ഷെൽഫായ റോസ് ഐസ് പാളിക്കടിയിൽ നദിയും ജീവികളും കണ്ടെത്തി ഗവേഷകർ. റോസ് ഐസ്‌ഷെൽഫിന്റെ 1600 അടി താഴ്ചയിൽ ആണ് നദി കണ്ടെത്തിയത്. അതിമർദ്ദത്തിൽ ഉഷ്ണജലം പുറപ്പെടുവിക്കുന്ന ഉപകരണം ഉപയോഗിച്ച് ഐസ് പാളി തുരന്ന് ന്യൂസീലൻഡിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് അറ്റ്‌മോസ്‌ഫെറിക് റിസർച്ചിലെ ശാസ്ത്രജ്ഞരാണ് നദി കണ്ടെത്തിയത്. നദിക്ക് ഏകദേശം 10 കിലോമീറ്റർ നീളവും 800 അടി ആഴവുമുണ്ട്. നദീഭാഗത്ത് പൂർണമായി ഇരുൾ മൂടിയതും കൊടുംതണുപ്പ് നിലനിൽക്കുന്നതുമായ സാഹചര്യമാണ് ഉള്ളത്. ഇത്രയും പ്രതികൂല സാഹചര്യത്തിൽ ജീവികൾ ജീവിക്കുന്നത് എങ്ങനെയാണെന്ന അന്വേഷണത്തിലാണു ശാസ്ത്രജ്ഞർ
ഈ നദിയിൽ കണ്ടെത്തിയ ജീവികൾ ചെമ്മീനിന് സമാനമായ ആംഫിപോഡുകളാണ്. ഇവയ്ക്ക് ജീവിക്കാനും പെരുകാനുമുള്ള ആവാസവ്യവസ്ഥ ഈ നദിയിലെ വെള്ളത്തിലുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കൂടുതൽ വ്യക്തമായ വിവരങ്ങൾക്കായി സാംപിളുകൾ ശേഖരിച്ചു പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്താനാണു ശാസ്ത്രജ്ഞർ ഒരുങ്ങുന്നത്.
അന്റാർട്ടിയയിലെ കട്ടിപിടിച്ചുള്ള ഐസ് പാളികൾക്കു താഴെയുള്ള ലോകങ്ങൾ ശാസ്ത്രലോകത്തിനു ഇന്നും ദുരൂഹതയാണ്. കട്ടികൂടിയ ഐസ് തുരന്നുമാത്രമേ താഴേക്കെത്തി ഇവയെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കൂ. എന്നാൽ പ്രതികൂലമായ കാലാവസ്ഥയും മറ്റു പരിതസ്ഥിതികളും എപ്പോഴും തടസം സൃഷ്ടിക്കും. എന്നാൽ ഇവിടെ ഗവേഷണം നടത്തിയാൽ മറഞ്ഞിരിക്കുന്ന കൗതുകകരമായ പല രഹസ്യങ്ങളും വെളിപ്പെടുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.