Wednesday, January 22, 2025
LATEST NEWS

അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം ; വെളിപ്പെടുത്തലുമായി ആദായ നികുതി വകുപ്പ്

മുംബൈ: അനിൽ അംബാനിക്ക് വിദേശത്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും കമ്പനികളുടെ ഉടമസ്ഥാവകാശവും ഉണ്ടെന്ന് മുംബൈയിലെ ആദായനികുതി വകുപ്പിന്‍റെ അന്വേഷണ വിഭാഗം കണ്ടെത്തി. അനിൽ ധീരുഭായ് അംബാനിയുടെ ഗ്രൂപ്പ് വിദേശത്ത് 800 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണ നിയമപ്രകാരം ആദായനികുതി വകുപ്പ് നടപടി സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്.

അംബാനിക്ക് രണ്ട് വിദേശ രാജ്യങ്ങളിൽ കമ്പനികളുണ്ട്. ബഹാമാസിലും ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലുമാണ് അംബാനിയുടെ കമ്പനികൾ സ്ഥിതി ചെയ്യുന്നത്. 2006 ൽ അനിൽ അംബാനി ബഹാമാസിൽ ഡയമണ്ട് ട്രസ്റ്റ് സ്ഥാപിച്ചു. തുടർന്ന് ഡ്രീം വർക്ക് ഹോൾഡിംഗ്സ് എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചു. കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾക്കായി സ്പെഷ്യൽ ടാക്സ് ഡിപ്പാർട്ട്മെന്‍റ് ബഹാമാസുമായി അന്വേഷിക്കുകയും കമ്പനി ഒരു സ്വിസ് ബാങ്കിന്‍റെ അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. നോർത്ത് അറ്റ്ലാന്‍റിക് ട്രേഡിംഗ് അൺലിമിറ്റഡ് എന്നാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്. ബാങ്ക് ഓഫ് സൈപ്രസുമായാണ് ബന്ധം.

നേരത്തെ തന്റെ കൈവശം സമ്പത്തൊന്നും ബാക്കിയില്ലെന്നും ആഭരണങ്ങള്‍ വിറ്റാണ് കോടതിച്ചെലവുകള്‍ വഹിച്ചതെന്നും അംബാനി യു.കെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അംബാനിയും കൂട്ടരും ചേര്‍ന്ന് 18ഓളം കമ്പനികള്‍ 2007നും 2010നും ഇടയില്‍ തുടങ്ങിയെന്നാണ് വെളിപ്പെടുത്തല്‍. ഈ കമ്പനികള്‍ ഏകദേശം 1.3 ബില്യണ്‍ ഡോളര്‍ വിവിധ മേഖലകളിലായി നിക്ഷേപിച്ചിട്ടുണ്ട്.