Thursday, November 14, 2024
LATEST NEWSTECHNOLOGY

സെക്കൻഡ് ഹാൻഡ് വാഹന ഇടപാട് വ്യവസ്ഥകളിൽ ഭേദഗതി

ന്യൂഡൽഹി: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയേക്കും. ഇത് സംബന്ധിച്ച നിർദ്ദേശം ഗതാഗത മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. എല്ലാ സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പന ഏജൻസികളും അതാത് സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ ഏർപ്പെടുത്താനാണ് നീക്കം.

സെക്കൻഡ് ഹാൻഡ് വെഹിക്കിൾ ഡീലറെ വിൽപ്പനയ്ക്കായി ഒരു വാഹനം ഏൽപ്പിച്ചുകഴിഞ്ഞാൽ, പിന്നീട് അത് പുതിയ ഉടമയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതുവരെ ഡീലർ വാഹനത്തിന്‍റെ ‘കൽപിത ഉടമ’ ആയിരിക്കും എന്നതാണ് പ്രധാന നിബന്ധന. ഈ കാലയളവിൽ വാഹനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ഡീലർ ഉത്തരവാദിയായിരിക്കും. വാഹനം ഡീലർക്ക് കൈമാറിയാലുടൻ ഡീലർമാരുടെ സമ്മതപത്രം സഹിതം ഉടമ ഓൺലൈനായി ബന്ധപ്പെട്ട ആർടിഒയെ അറിയിക്കണം. ഡീലർമാർ ആർടിഒയിലും രജിസ്റ്റർ ചെയ്യണം. 

വാഹനം വിറ്റതിന് ശേഷവും പഴയ ഉടമയുടെ പേരിൽ നിന്ന് രേഖകൾ നീക്കം ചെയ്യാതെ വാഹന ഉടമകൾ കുടുങ്ങുന്ന സാഹചര്യത്തിലാണിത്. വാഹനം ഡീലർമാർക്ക് കൈമാറി കഴിഞ്ഞാൽ, ഡ്യൂപ്ലിക്കേറ്റ് ആർസി, എൻഒസി, ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷ മുതലായവ അംഗീകരിക്കപ്പെടും.