Thursday, January 23, 2025
LATEST NEWSTECHNOLOGY

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കാൻ ആൽകോ സ്കാൻ വാൻ; രാജ്യത്ത് ആദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ മെഡിക്കൽ പരിശോധന ഉടൻ പൂർത്തിയാക്കുന്നതിന് വേണ്ടി ആൽകോ സ്കാൻ വാൻ പദ്ധതിയുമായി കേരള പോലീസ്. വാഹന പരിശോധന സമയത്ത് തന്നെ ഡ്രൈവർ മദ്യമോ മറ്റു ലഹരിവസ്തുക്കളോ  ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയ്ക്കായി മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേഗത്തിൽ ഫലം അറിയാൻ സാധിക്കും. ഉമിനീർ സാമ്പിളായി സ്വീകരിച്ച് ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയുവാൻ ആൽകോ സ്കാൻ സംവിധാനത്തിലൂടെ കഴിയും.
സാധാരണയായി ഊതിപ്പിക്കുന്ന പോലീസ് മെഷനുകളിൽ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ അറിയാൻ സാധിക്കു, കൂടാതെ മറ്റ് നിയമനടപടികൾക്കായി മെഡിക്കൽ പരിശോധന ആവശ്യമായതിനാൽ പിടിക്കപ്പെടുന്നവരെ അടുത്തുള്ള മെഡിക്കൽ സെന്റിറിലോ സർക്കാർ ആശുപത്രിയിലോ ആണ് പരിശോധനയ്ക്കായി ഹാജരാക്കുന്നത്. എന്നാൽ ആൽകോ സ്കാൻ വാൻ സംവിധാനത്തിലൂടെ പോലീസിന് വേ​ഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനാകും. ഉമിനീര് ഉപയോ​ഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോ​ഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ഇതിനായി പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും നിയോഗിക്കും.