Sunday, December 22, 2024
LATEST NEWS

വിമാനയാത്രക്കൂലി; നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിമാനക്കൂലി സംബന്ധിച്ച് നിർണായക തീരുമാനമാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര യാത്രകൾക്കുള്ള വിമാനക്കൂലിയിൽ ഉയർന്നതും കുറഞ്ഞതുമായ നിരക്കുകൾ നിശ്ചയിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ റദ്ദാക്കി. പുതിയ തീരുമാനം 2022 ഓഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ വരും. 27 മാസത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ പിൻവലിച്ചത്.

കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിമാന ഇന്ധനമായ എ.ടി.എഫിന്റെ പ്രതിദിന ലഭ്യതയും വിലയും കണക്കിലെടുത്താണ് തീരുമാനം. ഭാവിയിൽ വ്യോമയാന മേഖലയിൽ വളർച്ച പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ധനത്തിന്‍റെ വില കുറയുകയാണ്. ഉക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്ന് ഇന്ത്യയിൽ വിമാന ഇന്ധന വില റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. മെയ് 25ന് ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകൾ കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിൽ ഇളവ് വരുത്തിയപ്പോൾ കുറഞ്ഞതും ഉയർന്നതുമായ നിരക്കുകൾ കേന്ദ്ര സർക്കാർ നിശ്ചയിച്ചിരുന്നു.