Thursday, November 21, 2024
LATEST NEWSPOSITIVE STORIES

കാനഡയിലാദ്യമായെത്തുന്ന മലയാളികൾക്ക് സഹായവുമായി ‘ആഹാ കെയേഴ്‌സ്’ സ്റ്റാർട്ടപ്പ്

ടൊറന്റോ: പഠനത്തിനായി ആദ്യമായി കാനഡയിലെത്തുന്ന വിദ്യാർത്ഥികൾക്കും, സ്ഥിരതാമസത്തിനായെത്തുന്നവർക്കുമായി സഹായ ഹസ്തം നീട്ടുകയാണ് ‘ആഹാ കെയേഴ്‌സ്’ എന്ന സംരംഭം. ആഹാ റേഡിയോ, മൈ കാനഡ എന്നിവ ചേർന്നുള്ള സംയുക്ത സംരംഭമാണ് ആഹാ കെയേഴ്‌സ്.

ടോറന്റോയിൽ മൈ കാനഡയും, ആഹാ റേഡിയോയും ഒന്നിച്ച് നേതൃത്വം നൽകിയ ഓണം മാർക്കറ്റ് 2022 ലാണ് ആഹാ കെയേഴ്സിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് സാമൂഹിക പ്രതിബദ്ധതാ ബോധമുയർത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആദ്യമായെത്തുന്ന അഥിതികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും, ഉപദേശവും നൽകുകയാണ് ആഹാ കെയേർസിന്റെ ധർമ്മം.

ഷെർവുഡ്‌ ഗാർഡൻസ്,ഫോർട്ട്‌ സസ്കാച്ചെവൻ എന്നിവിടങ്ങളിൽ നിന്നുള്ള എംപി ഗാർനെറ്റ് ജീനിയസ് ആണ് ആഹാ കെയേഴ്സിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ കനേഡിയൻ സമൂഹത്തിന് ഇത്തരം ആശയങ്ങൾ അനിവാര്യമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് ഗാർനെറ്റ് ജീനിയസ് എംപി പറഞ്ഞു.

കാനഡയിലേക്ക് ആദ്യമായെത്തുന്ന മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കി ആവശ്യ സഹായം നൽകുന്നതിന് ആഹാ കെയേഴ്‌സിന്റെ സേവനം എപ്പോഴും ഉറപ്പു വരുത്തുമെന്ന് മൈ കാനഡ സ്ഥാപകൻ അരുൺ അനിയൻ അഭിപ്രായപ്പെട്ടു.