Saturday, December 21, 2024
LATEST NEWSPOSITIVE STORIES

പ്രായം തളർത്താത്ത മോഹം; മോഹിനിമാരായി അരങ്ങേറ്റം കുറിക്കാൻ നാൽവർ സംഘം

കോട്ടയ്ക്കൽ: പ്രായം അൻപതുകളിലെത്തിയ നാലംഗ വനിതാകൂട്ടത്തിന് ഇന്ന് സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ദിവസം. കലാപഠനത്തിനും അവതരണത്തിനും പ്രായം തടസ്സമല്ലെന്ന് തെളിയിച്ച് ഇന്ന് രാത്രി 8.30ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഗിരിജ പാതേക്കര, ജയശ്രീ വിജയൻ, നന്ദിനി ജയകൃഷ്ണൻ, വൃന്ദ ഗോപൻ എന്നിവർ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിക്കും.

നാല് പേർക്കും ചെറുപ്പം മുതലേ നൃത്തത്തിൽ താൽപ്പര്യമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങൾ കാരണം പഠിക്കാൻ കഴിഞ്ഞില്ല. അതൊരു വേദനയായി മനസ്സിൽ തങ്ങിനിന്നു. നാല് വർഷം മുമ്പാണ് നൃത്തം പഠിക്കണമെന്ന ആഗ്രഹം കലശലായത്. ജീവിതപങ്കാളികളുടെ പിന്തുണയോടെ കലാമണ്ഡലം അരുണ ആർ മാരാരുടെ ശിഷ്യത്വം സ്വീകരിച്ചു. കൊവിഡ് കാലത്ത് പഠിക്കാൻ കൂടുതൽ സമയം ലഭിച്ചത് അനുഗ്രഹമായി. ഗുരു തങ്ങളെക്കാൾ ചെറുപ്പമാണെങ്കിലും ശാസിച്ച് പഠിപ്പിക്കണമെന്ന നിർദേശമാണ് നാലംഗ സംഘം മുന്നോട്ടു വെച്ചത്. 

നൃത്തത്തോടുള്ള ഇവരുടെ അഭിനിവേശം തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് അരുണ ആർ മാരാർ പറഞ്ഞു. മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് അധ്യാപികയായി വിരമിച്ച ഗിരിജ പാതേക്കര അറിയപ്പെടുന്ന കവയിത്രിയാണ്.