Sunday, December 22, 2024
LATEST NEWSSPORTS

ശ്രീലങ്കയ്ക്കെതിരായ വനിതാ ടി-20 പരമ്പര നേടി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിജയിച്ചു. ശ്രീലങ്കയെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 39 റൺസെടുത്ത സ്മൃതി മന്ദന ടോപ്പ് സ്കോറർ ആയി. 31 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ ഓപ്പണർമാർ തിളങ്ങി. വിശ്മി ഗുണരത്നെ 45 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ചമരി അത്തപ്പട്ടു 43 റൺസെടുത്തു. പിന്നീട് വന്ന കളിക്കാർക്കൊന്നും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് ശ്രീലങ്ക നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. തുടർച്ചയായ ബൗണ്ടറികളോടെ ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കിയ ഷഫാലി വർമ്മ 17 റൺസെടുത്ത് മടങ്ങി. സബിനേനി മേഘനയും 17 റൺസെടുത്ത് പുറത്തായി. ജമീമ റോഡ്രിഗസ് (3) നിരാശപ്പെടുത്തിയപ്പോൾ യസ്തിക ഭാട്ടിയ (13) ഭേദപ്പെട്ട പ്രകടനം നടത്തി. അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടിയ ഹർമൻ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.