Wednesday, January 22, 2025
LATEST NEWSTECHNOLOGY

‘ഇ-പൂജ’യ്ക്ക് പിന്നാലെ ‘ഐ പ്രാർഥന’; പ്രസാദം ബുക്കിങ് തട്ടിപ്പ് വീണ്ടും

കണ്ണൂര്‍: വഴിപാട് പ്രസാദം വീട്ടിലെത്തുമെന്നും ക്ഷേത്ര കൗണ്ടറിൽ ക്യൂ നില്‍ക്കേണ്ടെന്നും പറഞ്ഞ് ഓൺലൈൻ സൈറ്റ് വഴി വീണ്ടും തട്ടിപ്പ്. ‘ഇ-പൂജ’യ്ക്ക് ശേഷമാണ് ഐ-പ്രാർത്ഥനാ സൈറ്റ് വന്നത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രസാദം ചാർജ് അടച്ച് ബുക്ക് ചെയ്താൽ വീട്ടിലെത്തുമെന്ന് പറഞ്ഞാണ് തട്ടിപ്പ്. എന്നാൽ ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് ദേവസ്വം ബോർഡുകളുടെ നിലപാട്. 10 രൂപ മുതൽ 30,001 രൂപ വരെയുള്ള പൂജകൾ ബുക്ക് ചെയ്യാം. കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളാണ് തട്ടിപ്പിന് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ളത്.

മലബാർ ദേവസ്വം ബോർഡിന്‍റെ കീഴിൽ 1340 ഓളം ക്ഷേത്രങ്ങളുണ്ട്. എന്നിരുന്നാലും, ഇതുവരെ ഏകീകൃത ഓൺലൈൻ സൈറ്റ് ഇല്ല. ബോർഡിന് കീഴിൽ ക്ഷേത്രങ്ങളിലെ പൂജകളും മറ്റ് വഴിപാടുകളും ഉൾപ്പെടുത്തി സൈറ്റ് ആരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ദേവസ്വം കമ്മിഷണർ എ.എൻ നീലകണ്ഠൻ പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് ഓൺലൈനിൽ വൻ ‘ഇ-പൂജ’ തട്ടിപ്പ് നടന്നിരുന്നു. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളുടെ പേരിൽ വഴിപാടുകൾ ബുക്ക് ചെയ്തവർക്ക് വീട്ടിൽ പ്രസാദം ലഭിച്ചില്ല. പുതിയ സൈറ്റ് അനുസരിച്ച്, ബുക്ക് ചെയ്ത എല്ലാ പൂജകളുടെയും പ്രസാദം ക്ഷേത്ര കൗണ്ടറിൽ നേരിട്ട് ലഭിക്കുന്ന അതേ രീതിയിൽ വീട്ടിലെത്തും. “ലിസ്റ്റുചെയ്ത എല്ലാ ക്ഷേത്രങ്ങളുടെയും നടത്തിപ്പുമായി ഞങ്ങൾ അടുത്ത് പ്രവർത്തിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു. മലയാളം തലക്കെട്ടില്‍ ‘ഐ പ്രാർഥന’ എന്നും വിവരണത്തില്‍ ‘ഇ പ്രാർഥന’ എന്നുമാണ്.