വളർത്തു മൃഗങ്ങൾക്കൊപ്പം ഒരുമിച്ച് യാത്ര അനുവദിച്ച് ആകാശ എയർ
ന്യൂ ഡൽഹി: വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ ആകാശ എയർ സൗകര്യം ഒരുക്കുന്നു. നവംബർ 1 മുതൽ യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. അതേസമയം, വളർത്തുമൃഗങ്ങളെ ക്യാബിനിലേക്ക് പ്രവേശിപ്പിക്കുന്നതിന് ആകാശ എയർ ചില നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ഭാരം 7 കിലോഗ്രാമിൽ കവിയരുതെന്നാണ് പ്രധാന നിർദ്ദേശം. ഭാരം 7 കിലോഗ്രാമിൽ കൂടുതലാണെങ്കിൽ കാർഗോ വിഭാഗത്തിൽ യാത്ര ചെയ്യേണ്ടിവരുമെന്നും എയർലൈൻ അറിയിച്ചു.
വളർത്തുമൃഗങ്ങളുമൊത്തുള്ള യാത്രയ്ക്കുള്ള ബുക്കിംഗ് ഒക്ടോബർ 15 മുതൽ ആരംഭിക്കുമെന്ന് ആകാശ എയർ ചീഫ് മാർക്കറ്റിംഗ് ആൻഡ് എക്സ്പീരിയൻസ് ഓഫീസർ ബെൽസൺ കുട്ടീന്യോ പറഞ്ഞു. വളർത്തുമൃഗങ്ങളെ വിമാനത്തിൽ കയറാൻ അനുവദിക്കുമെന്ന പ്രഖ്യാപനത്തോടെ, വളർത്തുമൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്ന രണ്ടാമത്തെ വാണിജ്യ ഇന്ത്യൻ കാരിയറായി ആകാശ എയർ മാറി. നേരത്തെ, വളർത്തുമൃഗങ്ങളെ കൂടെ യാത്ര ചെയ്യാൻ അനുവദിച്ച ഏക വാണിജ്യ വിമാനക്കമ്പനി എയർ ഇന്ത്യ ആയിരുന്നു. കോവിഡ് -19 മഹാമാരിക്ക് ശേഷമാണ് എയർ ഇന്ത്യ വളർത്തുമൃഗങ്ങളെ അനുവദിച്ചത്.