മൂല്യങ്ങള്‍ക്ക് നിരക്കാത്ത പരസ്യങ്ങള്‍ നീക്കം ചെയ്യണം; യൂട്യൂബിനോട് സൗദി
റിയാദ്: ജനപ്രിയ പ്ലാറ്റ്ഫോമിൽ പോസ്റ്റുചെയ്യുന്ന മൂല്യങ്ങൾക്ക് അനുസൃതമല്ലാത്ത അപകീർത്തികരമായ പരസ്യങ്ങൾ നീക്കം ചെയ്യാൻ സൗദി അറേബ്യയിലെ ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ (ജിസിഎഎം), കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (സിഐടിസി) എന്നിവ യൂട്യൂബിനോട് ആവശ്യപ്പെട്ടു.
വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന്‍റെ പരിശോധനയിൽ യൂട്യൂബ് പരസ്യങ്ങൾ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയ നിരീക്ഷണത്തിന്‍റെ ഭാഗമാണിതെന്ന് ഗൂഗിൾ അഫിലിയേറ്റിനെ അഭിസംബോധന ചെയ്ത് ജിസിഎഎമ്മും സിഐടിസിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഇസ്ലാമിക, സാമൂഹിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ ഉള്ളടക്കവും പ്രക്ഷേപണവും രാജ്യത്തെ മാധ്യമ ഉള്ളടക്ക നിയന്ത്രണങ്ങളുടെ ലംഘനമാണ്. യൂട്യൂബ് ഈ മൂല്യങ്ങളെയും തത്വങ്ങളെയും ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്, പ്രസ്താവനയിൽ പറയുന്നു. ഇതനുസരിച്ച്, ഈ പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും യൂട്യൂബിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അപകീർത്തികരമായ ഉള്ളടക്കത്തിന്‍റെ കൈമാറ്റം തുടരുകയാണെങ്കിൽ, ടെലികമ്മ്യൂണിക്കേഷൻസ് ആക്ട്, ഓഡിയോ വിഷ്വൽ മീഡിയ ആക്ട് എന്നിവയ്ക്ക് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.