Monday, January 20, 2025
GULFHEALTHLATEST NEWS

കോവിഡിനെ ഫലപ്രദമായി നേരിട്ട നഗരങ്ങളിൽ അബുദാബി ഒന്നാമത്

അബുദാബി: കോവിഡ് -19 നെ ഏറ്റവും മികച്ച രീതിയിൽ നേരിട്ട നഗരങ്ങളിൽ അബുദാബി ഒന്നാമത്. ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളുടെ പട്ടികയിലാണ് അബുദാബി ഒന്നാമതെത്തിയത്. നോളജ് അനലിറ്റിക്സ് (ഡികെഎ) ആണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ്ടെക് അനലിറ്റിക്കസിന്‍റെ ഒരു സബ്സിഡിയറിയാണ് നോളജ് അനലിറ്റിക്സ്. സമീപ വർഷങ്ങളിൽ അബുദാബിയുടെ ആരോഗ്യമേഖല വളരെയധികം ശക്തിപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പകർച്ചവ്യാധിയെ സമയോചിതമായി കൈകാര്യം ചെയ്ത രീതി, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, പ്രതിബദ്ധത, നേതൃത്വം, പോരായ്മകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ വിലയിരുത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സർക്കാരിന്റെ കാര്യക്ഷമത, ആരോഗ്യപരിപാലനം, ക്വാറന്‍റൈൻ നടപടികൾ, വാക്സിനേഷൻ ഡ്രൈവ്, സാമ്പത്തിക മേഖലയുടെ വീണ്ടെടുക്കൽ, വാക്സിൻ സ്വീകരിച്ച ആളുകളുടെ നിരക്ക് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ലോക രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കോവിഡ് ലോകത്തെയാകെ പിടിച്ചുകുലുക്കിയപ്പോഴും മാതൃകാപരമായ രീതിയിലാണ് അബുദാബി ഇതിനോട് പ്രതികരിച്ചത്. ഇക്കാലയളവിലും അബുദാബിയുടെ സാമ്പത്തിക, വ്യാപാര, ആരോഗ്യ മേഖല വളരെ ശക്തമായിരുന്നു. വാക്സിൻ പരീക്ഷണം, കുത്തിവയ്പ്പ്, വാക്സിൻ വിതരണം എന്നിവയിൽ യു.എ.ഇ ലോകരാജ്യങ്ങൾക്ക് മാതൃകയായി. അബുദാബി 60 ലധികം രാജ്യങ്ങളിലേക്ക് 260 ദശലക്ഷം ഡോസ് വാക്സിൻ എത്തിച്ചു. ഇതെല്ലാമാണ് മികവിന്‍റെ കൊടുമുടിയിലെത്താൻ അബുദാബിയെ സഹായിച്ചത്.