Saturday, January 11, 2025
GULFLATEST NEWS

അബുദാബിയില്‍ നാല് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

അബുദാബി: ഓഗസ്റ്റ് 14 ഞായറാഴ്ച മുതൽ നാല് ദിവസത്തേക്ക് അബുദാബിയിൽ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 18 വരെ നേരിയതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താപനിലയിലും കുറവുണ്ടാകും.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അബുദാബി മീഡിയ ഓഫീസ് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കണം. മഴക്കാലത്ത് വെള്ളക്കെട്ട്, താഴ്‌വരകൾ, കുളങ്ങൾ എന്നിവയിൽ നിന്ന് ആളുകൾ അകലം പാലിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

നാല് ദിവസത്തേക്ക് മഴ പെയ്യുമെന്ന് പ്രവചിച്ചതിനെ തുടർന്ന് അബുദാബി പോലീസും ട്രാഫിക് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനത്തിന്‍റെ വിൻഷീൽഡ്, വൈപ്പറുകൾ, ടയറുകൾ എന്നിവ യാത്ര ചെയ്യുന്നതിന് മുമ്പ് പരിശോധിക്കണം. മികച്ച ദൃശ്യത ലഭിക്കുന്നതിനും മറ്റ് വാഹനമോടിക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനും പകൽ സമയത്ത് ഹെഡ് ലൈറ്റുകൾ ഉപയോഗിക്കണം. മുന്നിലുളള വാഹനങ്ങളിൽ നിന്ന് അകലം പാലിക്കുകയും റോഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധികളും മുന്നറിയിപ്പ് ബോർഡുകളും ശ്രദ്ധിക്കുകയും വേണം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെ വാഹനമോടിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ പോലുള്ള ഡിസ്ട്രാക്റ്ററുകൾ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ സുരക്ഷാ നിയമങ്ങളും പൊലീസ് ഓർമിപ്പിച്ചിട്ടുണ്ട്.