Thursday, November 21, 2024
LATEST NEWSPOSITIVE STORIES

തലയിൽ കുടുങ്ങിയ വെള്ളകുപ്പിയുമായി തെരുവുനായ; രക്ഷകരായി അഗ്നിരക്ഷാസേന

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ വലിച്ചെറിഞ്ഞ കുപ്പിവെള്ള ടാങ്കിൽ തലകുടുങ്ങിയ തെരുവുനായയ്ക്ക് ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാസേന. ഒരുമണിക്കൂറോളം നീണ്ട ധൗത്യത്തിനൊടുവിലാണ് നായയുടെ കഴുത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് ടാങ്ക് ഇവർക്ക് നീക്കാനായത്.

ശനിയാഴ്ചയാണ് തെരുവുനായയുടെ കഴുത്തിൽ കുപ്പിവെള്ള ടാങ്ക് കുടുങ്ങിയത്. വിവരമറിഞ്ഞ അഗ്നിരക്ഷാ സേനാംഗങ്ങൾ ഉച്ചയ്ക്ക് ശേഷം സിവിൽ സ്റ്റേഷൻ പരിസരത്തെത്തി തിരച്ചിൽ ആരംഭിച്ചു. എന്നാൽ സേനാംഗങ്ങളെ കണ്ട ഈ നായ ഓടി രക്ഷപ്പെട്ടു. ഏറെ നോക്കിയിട്ടും നായയെ കിട്ടാതെ, നേരം വൈകിയതോടെ ഇവർ തിരച്ചിൽ നിർത്തലാക്കി. ഞായറാഴ്ച രാവിലെ നെയ്യാറ്റിൻകര കോടതി റോഡിലെ ഒരുവാഹനത്തിന് അടിയിൽ ഈ നായയെ കണ്ടെത്തി. തുടർന്ന് വീണ്ടും അഗ്നിരക്ഷാസേനയെത്തി. പിടികൂടാൻ ശ്രമിച്ചെങ്കിലും കഴുത്തിൽകുടുങ്ങിയ ടാങ്കുമായി നായ നഗരത്തിലൂടെ ഓടി നടക്കുകയായിരുന്നു.

ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പോലീസ് സ്‌റ്റേഷൻ റോഡ്, ഗേൾസ് സ്‌കൂൾ എന്നിവിടങ്ങളിലെല്ലാം പോയ നായ അവസാനം ആശുപത്രി കവലയിൽ എത്തി. ഇവിടെവെച്ച് നായയുടെ കഴുത്തിൽ കുരുക്കെറിഞ്ഞ് പിടിക്കുന്നതിനിടെ കഴുത്തിലെ ടാങ്ക് ഇളകി തെറിച്ചുപോയി. ഇതോടെ നായ അവിടെനിന്നും രക്ഷപ്പെട്ടുപോയി. നെയ്യാറ്റിൻകര അഗ്നിരക്ഷാസേന യിലെ അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ പദ്മകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ജി.എൽ.പ്രശാന്ത്, ജയകൃഷ്ണൻ, സോണി, ഷിബിൻരാജ്, ഹോംഗാർഡ് ശിവകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.