Saturday, December 21, 2024
LATEST NEWSSPORTS

ജോക്കോവിച്ചിന് തിരിച്ചടി; യുഎസ് ഓപ്പണിൽ കളിക്കില്ല

സെർബിയൻ താരം നോവാക്ക് ജോക്കോവിച്ച് അടുത്തുതന്നെ തുടങ്ങാനിരിക്കുന്ന ഈ വർഷത്തെ അവസാന ​ഗ്രാൻസ്ലാമായ യുഎസ് ഓപ്പണിൽ കളിക്കില്ല. കോവിഡ് വാക്സിനേഷനെച്ചൊല്ലിയുള്ള തർക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ജോക്കോവിച്ചിന്‍റെ പിൻമാറ്റം. താരം തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

യുഎസ് പബ്ലിക് ഹെൽത്ത് ഏജൻസിയുടെ ചട്ടങ്ങൾ അനുസരിച്ച്, രാജ്യത്ത് എത്തുന്ന എല്ലാ വിദേശികൾക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് നൽകണം. എന്നിരുന്നാലും, കോവിഡ് -19 വാക്സിനെതിരെ ജോക്കോവിച്ച് തുടക്കം മുതൽ തന്നെ പരസ്യമായ നിലപാടാണ് സ്വീകരിച്ചത്. അദ്ദേഹം ഇതുവരെ കുത്തവയ്പ്പ് എടുത്തിട്ടുമില്ല. ഇതിനിടെ ഈ മാസം ആദ്യം അമേരിക്കൻ പൗരന്മാർക്ക് വാക്സിൻ കാര്യത്തിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ വിദേശികൾക്കും ഈ ഇളവ് ലഭിക്കുമെന്നായിരുന്നു ജോക്കോവിച്ചിന്റെ പ്രതീക്ഷ. എന്നാൽ വിദേശികളുടെ കാര്യത്തിൽ നിലപാട് മാറ്റമില്ലാതെ തുടർന്നതോടെ പിന്മാറുകയല്ലാതെ ജോക്കോവിച്ചിന് മുന്നിൽ മറ്റ് വഴിയില്ലാതാവുകയായിരുന്നു.

ഇതേ പ്രശ്നത്തെ തുടർന്ന് ഈ വർഷം ആദ്യം ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പൺ നഷ്ടമായിരുന്നു. ആ സമയത്ത് ജോക്കോവിച്ച് ഓസ്ട്രേലിയയിൽ എത്തിയതിന് ശേഷമാണ്, അധികൃതർ അദ്ദേഹത്തിന്‍റെ വിസ റദ്ദാക്കിയത്. തുടർന്ന് ജോക്കോവിച്ച് നിയമനടപടികളിലേക്ക് നീങ്ങിയെങ്കിലും വിജയിക്കാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം രാജ്യം വിട്ടു.