Saturday, December 21, 2024
LATEST NEWSPOSITIVE STORIES

സ്നേഹത്തിൽ പൊതിഞ്ഞ് കോട്ടയത്ത് ഒരു മറവി വീട്

കോട്ടയം: സ്വന്തം വീട്, പിതാവ്, മാതാവ്, ഭാര്യ, ഭർത്താവ്, സഹോദരങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ.. ഓർത്തു വയ്ക്കാൻ ഒരുപാടോർമകൾ. ഓർമകളുടെ സഞ്ചാരമാണ് ജീവിതമെങ്കിൽ അത് നഷ്ടപ്പെടുന്നത് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രാജ്യാന്തര അൽഷിമേഴ്സ് ദിനമാണ് സെപ്റ്റംബർ 21. ഓർമ നഷ്ടമായവരുടെ ഓർമകൾക്ക് കൂട്ടായി കോട്ടയത്ത് ഒരു കുടുംബമുണ്ട്. മനുഷ്യനാടത്ത് സെൻജുവും പ്രിയയും മക്കളായ ഓസ്റ്റിനും ആക്സിനും. നാലു വയസുകാരൻ ഓസ്റ്റിനാണ് ഇവിടെ 96കാരനായ അപ്പൂപ്പന് കൂട്ടിനുള്ളത്. ഒപ്പം ആക്സലുമുണ്ട്. ഇവിടെ ഇവരെ കാണാതെ ഇവിടുത്തെ അതിഥികൾക്ക് (ഇവിടെയുള്ളവർ രോഗികളല്ല) ഉറങ്ങാനാവില്ല. കാരണം ഒന്നേയുള്ളു അകമഴിഞ്ഞ ബന്ധം.  ഈ രോഗത്തിന് ഉത്തമ ചികിത്സ, ചേർത്തുപിടിക്കുന്ന ബന്ധങ്ങളാണെന്ന് ഊട്ടിയുറപ്പിക്കുകയാണ് സെൻജുവും കുടുംബവും. യുകെയിൽ ഡിമെൻഷ്യ സെന്ററിൽ പ്രവർത്തിച്ച സെൻജുവും ഭാര്യ പ്രിയയും 10 വർഷത്തിന് ശേഷം നാട്ടിലേക്ക് പോരുമ്പോൾ മനസിൽ ഒരു  ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. മനസറിവില്ലാത്തവർക്കായി മനസറിഞ്ഞ് പ്രവർത്തിക്കുക. അതവർ നാട്ടിൽ പ്രാവർത്തികമാക്കി. മരുന്നിനേക്കാൾ ഉപരി ഇത്തരക്കാർക്ക് വേണ്ടത് ഉറ്റവരുടെ സാന്ത്വനമാണ്. അത് നൽകാൻ ഇവിടെ ഒരു കുടുബമുണ്ടെന്ന് കാട്ടിത്തരുകയാണ് സെൻജുവും ഭാര്യ പ്രിയയും. പലപ്പോഴും ഈ രോഗാവസ്ഥ എന്തെന്ന് അറിയാതെയാണ് പലരും മരണമടയുന്നത്. ലോകത്ത് ഓരോ 3 സെക്കൻഡിലും ഒരാൾ ഡിമെൻഷ്യ രോഗിയായി തീരുന്നു എന്നതാണ് വസ്തുത. മറവിരോഗം ബാധിച്ചവരുടെ കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു.  ഈ കർത്തവ്യത്തിലേക്കിറങ്ങുമ്പോൾ ഡിആർസിസിയുടെ സംസ്ഥാനത്തെ മറവി ചികിത്സാ കേന്ദ്രങ്ങളുടെയും പ്രോജക്ട് ഡയറക്റ്ററായിരുന്നു സെൻജു. ഈ പ്രത്യേക അവസ്ഥ കണ്ടിട്ട് തന്നെയാണ് കുടുംബത്തെ നാട്ടിലേക്ക് പറിച്ച് നടാൻ അദ്ദേഹത്തിന് പ്രേരണയായത്. ഇപ്പോൾ ഏത് സമയത്തും മറക്കാതെ ഓർത്തിരിക്കാൻ ഈ വീട്ടിൽ ഒരു പിടി ആരോഗ്യ പ്രവർത്തകരുണ്ട്. നന്മയുടെ കരങ്ങൾ ചേർത്ത് പിടിച്ച്.