Sunday, December 22, 2024
LATEST NEWSTECHNOLOGY

സംസ്ഥാനത്ത് ഭൂരേഖകൾ ഡിജിറ്റലാകുന്നു; സര്‍വെ സഭകൾ സംഘടിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ നടത്തുന്ന ഡിജിറ്റൽ സർവേയ്ക്ക് മുന്നോടിയായി സർവേ സഭകൾ സംഘടിപ്പിക്കാൻ റവന്യൂ വകുപ്പിന്‍റെ ആലോചന. ഡിജിറ്റൽ സർവേകളെക്കുറിച്ച് പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ബോധവത്കരിക്കാനുമാണ് സർവേ സഭകൾ ലക്ഷ്യമിടുന്നത്.

‘എല്ലാവർക്കും ഭൂമി’, ‘എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്നീ ആശയങ്ങളോടെയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഭൂമി ശാസ്ത്രീയമായി അളന്ന് ഭൂരേഖകൾ ഡിജിറ്റലായി സൂക്ഷിക്കും. സംസ്ഥാനത്തെ ആകെയുള്ള 1,666 വില്ലേജുകളിൽ 1,550 വില്ലേജുകളിൽ നാല് വർഷത്തിനുള്ളിൽ സർവേ പൂർത്തിയാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. ‘എന്‍റെ ഭൂമി’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആർകെഐ പദ്ധതി പ്രകാരം 807 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. 

ആദ്യത്തെ മൂന്ന് വർഷം 400 വില്ലേജുകൾ വീതവും അവസാന വർഷം 350 വില്ലേജുകളും അടക്കം ആകെ 15,00 വില്ലേജുകൾ എന്ന രീതിയിലാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ നടപ്പിലാക്കുന്നത്. നിലവിൽ 94 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായി. 22 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പ്രക്രിയ പുരോഗമിക്കുകയാണ്. ഇവയ്ക്കുപുറമെ 1,550 വില്ലേജുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.