Sunday, January 5, 2025
LATEST NEWS

ഉത്സവ സീസണിലെ വില്‍പ്പന; ആമസോണിനെ മറികടന്ന് മീഷോ രണ്ടാം സ്ഥാനത്ത്

ഉത്സവ സീസണിൽ ഇ-കൊമേഴ്സ് ഭീമനായ ആമസോണിനെ ഇന്ത്യൻ പ്ലാറ്റ്ഫോം മീഷോ മറികടന്നു. ഇതോടെ രാജ്യത്തെ ഇ-കൊമേഴ്സ് വിപണിയിൽ മീഷോ രണ്ടാമതെത്തി. മൊത്തം വിൽപ്പനയുടെ 21 ശതമാനവും മീഷോ നേടി. 49 ശതമാനം വിഹിതവുമായി ഫ്ലിപ്കാർട്ടാണ് പട്ടികയിൽ ഒന്നാമത്.

ആമസോണിന്‍റെ വിഹിതം എത്ര ശതമാനമാണെന്ന് വ്യക്തമല്ല. മറുവശത്ത്, വിൽപ്പനയിലൂടെ ലഭിച്ച തുകയുടെ കാര്യത്തിൽ ആമസോൺ ഫ്ലിപ്കാർട്ടിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്. ഫ്ലിപ്കാർട്ടും ആമസോണും യഥാക്രമം 62 ശതമാനവും 26 ശതമാനവും ഈ വിഭാഗത്തിൽ നേടി. സെപ്റ്റംബർ 23-27 തീയതികളിൽ നടന്ന മെഗാ ബ്ലോക്ക്ബസ്റ്റർ സെയിലിൽ മീഷോ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

മുൻ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 68 ശതമാനം വളർച്ചയാണ് മീഷോ രേഖപ്പെടുത്തിയത്. മെഗാ സെയിലിൽ 33.4 ദശലക്ഷം ഓർഡറുകളാണ് മീഷോയ്ക്ക് ലഭിച്ചത്. ഇതിൽ 60 ശതമാനവും ടയർ 4+ മേഖലയിൽ നിന്നുള്ളതാണ്. ഈ വർഷത്തെ ഉത്സവ സീസണിൽ, 75-80 ദശലക്ഷം ആളുകളാണ് ഓൺലൈനിൽ സാധനങ്ങൾ വാങ്ങിയത്. ഓൺലൈൻ ഉപഭോക്താക്കളിൽ 65 ശതമാനവും ടയർ 2 നഗരങ്ങളിൽ നിന്നുള്ളവരാണ്.