Thursday, January 2, 2025
LATEST NEWSSPORTS

ഖത്തറിലേത് തന്റെ അവസാന ലോകകപ്പാകുമെന്ന് ലയണല്‍ മെസ്സി

പാരിസ്: ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് അർജന്റീന സൂപ്പര്‍ താരം ലയണൽ മെസി. അർജന്റീനയിലെ സ്പോർട്സ് റിപ്പോർട്ടർ സെബാസ്റ്റ്യന്‍ വിഗ്നോളോയുമായി നടത്തിയ സംഭാഷണത്തിലാണ് മെസി ഇക്കാര്യം വ്യക്തമാക്കിയത്. “ഇത് എന്റെ അവസാന ലോകകപ്പാണ്, ഞാൻ ഇതിനകം തന്നെ ആ തീരുമാനം എടുത്തിട്ടുണ്ട്,” മെസി പറഞ്ഞു.

“ലോകകപ്പ് വരെയുള്ള ദിവസങ്ങൾ ഞാൻ എണ്ണുകയാണ്. സത്യം എന്തെന്നാൽ, അൽപം ഉത്കണ്ഠയുണ്ട്. ഇതെന്റെ അവസാനത്തേതാണ്. എങ്ങനെ പോകണമെന്നും എന്ത് സംഭവിക്കുമെന്നും എനിക്കറിയില്ല. ഒരു വശത്ത്, ലോകകപ്പ് എത്രയും വേഗം നടത്തണമെന്ന് ആഗ്രഹിക്കുന്നു. അത് നന്നായി നടക്കണമെന്ന് ഞാനും ആഗ്രഹിക്കുന്നു. ഇപ്പോൾ ഞങ്ങൾ (അർജന്റീന ടീം) ഒരു നല്ല നിലയിലാണ്. ശക്തമായ ടീമാണ്. എന്നാൽ ലോകകപ്പിൽ എന്തും സംഭവിക്കാം. ഓരോ മത്സരവും ദുഷ്കരമാണ്, അതാണ് ഒരു ലോകകപ്പിനെ സവിശേഷമാക്കുന്നത്. കാരണം എല്ലായ്‌പ്പോഴും ഫേവറിറ്റുകളല്ല വിജയിക്കുന്നത്.”

തുടർച്ചയായി 35 മൽസരങ്ങളാണ് അർജന്റീന തോൽവിയില്ലാതെ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം ബ്രസീലിനെ തോൽപ്പിച്ചാണ് മെസിയും സംഘവും കോപ്പ അമേരിക്ക കിരീടം ചൂടിയത്.