Tuesday, December 17, 2024
LATEST NEWS

റവന്യുകമ്മി സഹായധനം പ്രഖ്യാപിച്ചു; കേരളത്തിന് 1097.83 കോടി

ന്യൂഡൽഹി: റവന്യൂ കമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ ഏഴാം ഗഡുവായി 14 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ധനമന്ത്രാലയം 7183.42 കോടി രൂപ അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ് സഹായധനം അനുവദിച്ചത്. കേരളത്തിന് 1097.83 കോടി രൂപ ലഭിക്കും.

2022-23 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്ക് 86,201 കോടി രൂപയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത്. 12 തുല്യ പ്രതിമാസ ഗഡുക്കളായി സംസ്ഥാനങ്ങൾക്ക് ശുപാർശ ചെയ്ത സഹായധനം ധനമന്ത്രാലയം നൽകും.

2022 ഒക്ടോബറിൽ ഏഴാം ഗഡു അനുവദിച്ചതോടെ 2022-23 ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച മൊത്തം റവന്യൂ കമ്മി സഹായം 50,282.92 കോടി രൂപയായി ഉയർന്നു. 2022-23 ലെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത സംസ്ഥാനങ്ങൾ ഇവയാണ്: ആന്ധ്രാപ്രദേശ്, അസം, ഹിമാചൽ പ്രദേശ്, കേരളം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ബംഗാൾ.