ദുബായിൽ നടുറോഡിൽ തലയിണയുമായി കിടന്ന് യുവാവ്; അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്
ദുബായ്: റോഡിന് കുറുകെ സീബ്ര ലൈനിൽ കിടന്നയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ ദേര അല്‍ മുറാഖാബാദ് സലാഹ് അല്‍ ദിന്‍ സ്ട്രീറ്റിലാണ് സംഭവം. ട്രാഫിക് സിഗ്നൽ റെഡ് ആയപ്പോൾ, യുവാവ് ഒരു തലയിണയുമായി വന്ന് സീബ്ര ക്രോസിംഗിൽ കിടക്കുകയായിരുന്നു. തുടർന്ന് ഇയാൾ ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി.
“എനിക്ക് മരിക്കാന്‍ ഭയമില്ല, പക്ഷെ അന്യരാജ്യത്ത് മരിക്കാന്‍ ഭയമാണ്” എന്ന് ഇയാൾ വീഡിയോയില്‍ പറയുന്നു. യഥാർത്ഥ വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്തുവെങ്കിലും നിരവധി പേർ ഇതിനകം തന്നെ ഇത് ഷെയർ ചെയ്തിരുന്നു.
സ്വന്തം ജീവൻ മനപ്പൂർവ്വം അപകടത്തിലാക്കുകയും കൂടെ റോഡിലുള്ള മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് ഇയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏഷ്യൻ പൗരനാണെന്ന് ദുബായ് പോലീസ് ട്വീറ്റ് ചെയ്തു. ഇയാള്‍ക്ക് 2021 ലെ ഫെഡറല്‍ പീനല്‍ കോഡ് നമ്പർ 31 പ്രകാരം തടവും പിഴയും ശിക്ഷ ലഭിക്കും. ഇയാളെ കുറിച്ചുളള കൂടുതല്‍ വിശദാംശങ്ങളൊന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.