Sunday, December 22, 2024
LATEST NEWSTECHNOLOGY

പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്ററിനെ വാങ്ങും; തീരുമാനത്തിൽ മാറ്റവുമായി ഇലോൺ മസ്ക്

വാഷിങ്ടണ്‍: ശതകോടീശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്റർ വാങ്ങുന്ന കാര്യത്തിൽ വീണ്ടും തീരുമാനം മാറ്റി. നിശ്ചിത വിലയ്ക്ക് വാങ്ങാൻ തീരുമാനിക്കുകയും പിന്നീട് അതിൽ നിന്ന് പിൻവാങ്ങുകയും ചെയ്ത മസ്ക് ഇപ്പോൾ നേരത്തെ പറഞ്ഞ അതേ വിലയ്ക്ക് ട്വിറ്റർ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

മാസങ്ങൾക്ക് മുമ്പ് താൻ നിർദ്ദേശിച്ച അതേ വിലയ്ക്ക് ഓഹരികൾ വാങ്ങാനുള്ള തന്‍റെ തീരുമാനം മസ്ക് ട്വിറ്ററിന് അയച്ച കത്തിൽ ആവർത്തിച്ചു. ട്വിറ്റര്‍ വില്‍പന പാതിവഴിയില്‍ മുടങ്ങിയതിനെ തുടർന്ന് കേസ് കോടതിയിൽ എത്തിയതിന് ആഴ്ചകൾക്ക് ശേഷമാണ് മസ്കിന്‍റെ മാറ്റം.

ഓഹരി വില നിശ്ചയിക്കാൻ ധാരണയായതിനെ തുടർന്ന് കരാറിൽ നിന്ന് പിൻമാറിയതിന് മസ്കിനെതിരെ ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. 54.20 ഡോളറിന്(4,415 രൂപ) ഓഹരി വാങ്ങാൻ മസ്ക് ഇപ്പോൾ താൽപ്പര്യം പ്രകടിപ്പിച്ചതായി ട്വിറ്റർ വക്താവ് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ നിശ്ചയിച്ച അതേ വില തന്നെയാണ് ഇപ്പോഴും നൽകുന്നത്.

നിലപാട് മാറ്റാനുള്ള തീരുമാനവുമായി മസ്ക് വീണ്ടും രംഗത്തെത്തിയതോടെ ട്വിറ്ററിന്‍റെ ഓഹരി വില കുതിച്ചുയർന്നു. വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്ത് ട്വിറ്ററിനെ സ്വതന്ത്ര മാധ്യമമാക്കുമെന്ന് മസ്ക് അവകാശപ്പെട്ടു. ട്വിറ്റർ പറഞ്ഞതിനേക്കാൾ കൂടുതൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്നും കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മസ്ക് വാങ്ങലിൽ നിന്ന് പിന്മാറിയത്. എന്നാൽ ട്വിറ്റർ ഉടമകൾ ഇത് നിഷേധിച്ചു.