അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാരം ഇന്ന് വൈകുന്നേരം ദുബായിൽ
ദുബായ്: അന്തരിച്ച പ്രവാസി വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകിട്ട് നാലിന് ദുബായിലെ ജെബൽ അലി ശ്മശാനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റർ മൻഖൂൽ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ചയാണ് അറ്റ്ലസ് രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകൾ ഡോ.മഞ്ജു രാമചന്ദ്രൻ, കൊച്ചുമക്കളായ ചാന്ദിനി, അർജുൻ എന്നിവർ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. സഹോദരൻ രാമപ്രസാദ്, മരുമകൻ അരുൺ നായർ എന്നിവരും ആശുപത്രിയിലെത്തിയിട്ടുണ്ട്. മൃതദേഹം ഇപ്പോൾ ദുബായിലെ മൻഖൂൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.