Sunday, January 5, 2025
LATEST NEWS

പണപ്പെരുപ്പം 10 ശതമാനം; യൂറോപ്പ് വലയുന്നു

യൂറോ സോണിലെ പണപ്പെരുപ്പം വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക്. സെപ്റ്റംബറില്‍ പണപ്പെരുപ്പം 10 ശതമാനത്തിലെത്തി. ഓഗസ്റ്റില്‍ 9.1 ശതമാനം ആയിരുന്നു പണപ്പെരുപ്പം. 19 രാജ്യങ്ങളാണ് യൂറോ സോണിലുള്ളത്. യൂറോ ഔദ്യോഗിക കറന്‍സിയായി അംഗീകരിച്ച, യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളാണ് യൂറോ സോണ്‍ എന്നറിയപ്പെടുന്നത്.

സെപ്റ്റംബറില്‍ പണപ്പെരുപ്പം 9.7ല്‍ എത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഭക്ഷ്യ, ഊര്‍ജ്ജ വിലയിലുണ്ടായ വര്‍ധനവാണ് പണപ്പെരുപ്പത്തിന്റെ തോത് ഉയര്‍ത്തിയത്. മുന്‍വര്‍ഷത്തിൽ ഇതേ കാലയളവില്‍ വെറും 3.4 ശതമാനം മാത്രമായിരുന്നു പണപ്പെരുപ്പം. 2022 ജനുവരിയില്‍ യൂറോ സോണിലെ പണപ്പെരുപ്പം വെറും 5.1 ശതമാനം ആയിരുന്നു.

ഊര്‍ജ്ജ വില 40.8 ശതമാനത്തോളവും ഭക്ഷണം, മദ്യം എന്നിവയുടെ വില 11.8 ശതമാനവും ആണ് ഉയര്‍ന്നത്. വിലവര്‍ധനവിനെ പിടിച്ചുനിര്‍ത്താന്‍ യൂറോപ്യന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുകയാണ്. ഒക്ടോബർ മാസത്തിൽ അടിസ്ഥാന പലിശ നിരക്കില്‍ .75 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.