Thursday, December 19, 2024
LATEST NEWSSPORTS

ന്യൂസീലന്‍ഡിനെതിരായ പരമ്പര സ്വന്തം; നായകനായി തിളങ്ങി സഞ്ജു

ചെന്നൈ: ക്യാപ്റ്റനെന്ന നിലയിൽ മുന്നിൽ നിന്ന് നയിച്ച, ടോപ് സ്‌കോററായ, സഞ്ജു സാംസണിന്‍റെ മികവിൽ ന്യൂസിലൻഡ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യ എയ്ക്ക് വിജയം. മത്സരത്തിൽ ഇന്ത്യ 106 റൺസിന് വിജയിച്ചു. ഇന്ത്യ എ ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് എ 38.3 ഓവറിൽ 178 റൺസിന് ഓൾ ഔട്ടായി.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ നായകനായി സ്ഥാനമേറ്റ ആദ്യപരമ്പര തന്നെ സഞ്ജു തൂത്തുവാരി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ സഞ്ജു സാംസണിന്‍റെ അർധസെഞ്ചുറിയുടെ മികവിൽ 284 റൺസ് ആണ് നേടിയത്. 68 പന്തിൽ ഒരു ഫോറിന്‍റെയും രണ്ട് സിക്സിന്‍റെയും അകമ്പടിയോടെയാണ് സഞ്ജു 54 റൺസ് എടുത്തത്. ശാര്‍ദൂല്‍ ഠാക്കൂർ (33 പന്തിൽ 51), തിലക് വർമ (62 പന്തിൽ 50) എന്നിവർ മികവ് കാട്ടി. 49.3 ഓവറിൽ ഇന്ത്യ ഓൾ ഔട്ടായി.