24 മണിക്കൂറിന് ശേഷവും പുറപ്പെടാതെ എയർ ഇന്ത്യ വിമാനം; യാത്രക്കാരുടെ പ്രതിഷേധം
കണ്ണൂർ: സാങ്കേതിക തകരാർ മൂലം ഇന്നലെ റദ്ദാക്കിയ എയർ ഇന്ത്യയുടെ കോഴിക്കോട്-കണ്ണൂർ-ഡൽഹി വിമാനം ഇതുവരെ പറന്നുയർന്നിട്ടില്ല. വിമാനം ശരിയാക്കുമെന്നും ഇന്ന് രാവിലെ 10 മണിക്ക് പുറപ്പെടുമെന്നും എയർ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. വിമാനം കൃത്യസമയത്ത് പുറപ്പെടാത്തതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. എയർ ഇന്ത്യയിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ജോലിക്ക് പോകേണ്ടവരും പരീക്ഷ എഴുതാനും ഉള്ളവരടക്കമാണ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്. ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് എത്തിയ വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്ത ശേഷം പറന്നുയർന്നെങ്കിലും 10 മിനിറ്റിനുള്ളിൽ തിരിച്ചിറക്കുക ആയിരുന്നു. സാങ്കേതിക തകരാർ എന്ന് വിശദീകരിച്ച എയർ ഇന്ത്യ തിങ്കളാഴ്ച വിമാനം പുറപ്പെടില്ലെന്ന് അറിയിച്ചു. പകരം വിമാനം ഏർപ്പാടാക്കാൻ അധികൃതർ തയ്യാറായില്ല. പിന്നീട് ഹോട്ടലിലേക്ക് മാറ്റപ്പെട്ട യാത്രക്കാർ എയർ ഇന്ത്യയുടെ കെടുകാര്യസ്ഥത കാരണം കുടുങ്ങുകയായിരുന്നു.