Thursday, November 21, 2024
GULFLATEST NEWS

ദുബായിയും, അബുദാബിയും താമസത്തിനു യോജിച്ച നഗരങ്ങളുടെ പട്ടികയിൽ മുന്നിൽ

അബുദാബി: മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ മേഖലയിൽ താമസത്തിന് ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബിയും ദുബായിയും മുന്നിൽ. ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റിന്‍റെ (ഇഐയു) റിപ്പോർട്ട് അനുസരിച്ച്, ഈ നഗരങ്ങൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്.

ടെൽ അവീവ്, കുവൈറ്റ് സിറ്റി, ബഹ്റൈൻ എന്നിവയാണ് ഈ മേഖലയിൽ നിന്ന് പട്ടികയിൽ ഇടം നേടിയ മറ്റ് നഗരങ്ങൾ. വ്യാപകമായ വാക്സിനേഷൻ ക്യാമ്പയിൻ പകർച്ചവ്യാധിയിൽ നിന്ന് കരകയറാനും ലോക്ക്ഡൗൺ പൂർണ്ണമായും ഒഴിവാക്കാനും സഹായിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ നീക്കിയതോടെ വ്യാവസായിക മേഖലയും ശക്തിപ്പെട്ടു. കൊവിഡിന് ശേഷം ആദ്യം തുറന്ന നഗരങ്ങളിലൊന്നാണ് ദുബായ്.

ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 71.2 ലക്ഷം പേരും അബുദാബി വിമാനത്താവളത്തിൽ 6.3 മില്യൺ യാത്രക്കാരുമാണ് യാത്ര ചെയ്തത്. ദുബായിലെ ജനസംഖ്യ 35 ലക്ഷമായി വർദ്ധിച്ചതും സുരക്ഷിത നഗരത്തിന് അടിവരയിടുന്നു. അതേസമയം, ദമാസ്കസ്, ലാഗോസ്, ട്രിപ്പോളി, അൾജിയേഴ്സ്, ഹരാരെ എന്നിവ വാസയോഗ്യമല്ലാത്ത നഗരങ്ങളിൽ ഇടംപിടിച്ചു.